X

ഗോള്‍വേട്ടയില്‍ ലുക്കാകൂ ക്രിസ്റ്റ്യാനോക്കൊപ്പം; ടുണീഷ്യയെ തരിപ്പണമാക്കി ബെല്‍ജിയം അവസാന പതിനാറില്‍

മോസ്‌കോ: റൊമേലു ലുക്കാകുവിന്റെയും നായകന്‍ ഏദന്‍ ഹസാഡിന്റെയും ഇരട്ട ഗോള്‍ മികവില്‍ ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ടുണീഷ്യയെ തുരത്തിയാണ് ഒരു മത്സരം ശേഷിക്കെ ബെല്‍ജിയം അവസാന പതിനാറില്‍ ഇടം നേടിയത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ടുണീഷ്യ ഗ്രൂപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി.

 

ആദ്യ മത്സരത്തില്‍ പനാമയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച ടീമില്‍ നിന്നും ഒരു മാറ്റവുമില്ലാതെയാണ് ബെല്‍ജിയം ഇന്നും ഇറങ്ങിയത്. ആറാം മിനുട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ഹസാര്‍ഡ് ടീമിന് ലീഡ് നേടിക്കൊടുത്തു. 16-ാം മിനുട്ടില്‍ മെര്‍ടനസിന്റെ പാസില്‍ എതിര്‍ ഗോള്‍ വല കുലുക്കി ലുക്കാകു ടീമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ രണ്ടു മിനുട്ടിനകം ഒരു ഗോള്‍ മടക്കി ഡൈലന്‍ ബ്രോണ്‍ ടുണീഷ്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ലുക്കാകു വീണ്ടും ലക്ഷ്യം കണ്ടു. തോമസ് മെയ്‌നിറായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ഇതോടെ രണ്ടു കളിയില്‍ നിന്നുമായി നാലു ഗോളുകളുമായി ലുക്കാകു ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഒപ്പമെത്തി. 51-ാം മിനുട്ടില്‍ പ്രതിരോധ താരം അല്‍ഡര്‍വെയര്‍ഡിന്റെ പാസില്‍ ഹസാര്‍ഡ് വീണ്ടും ലക്ഷ്യം കണ്ടതോടെ ടുണീഷ്യയുടെ പതനം പൂര്‍ത്തിയായി. നിരവധി അവസരങ്ങള്‍ തുലച്ചെങ്കിലും പകരക്കാരാനായി ഇറങ്ങിയ മിച്ചി ബാത്ഷായി അവസാനം 90-ാം മിനുട്ടില്‍ലക്ഷ്യം കണ്ടു. എന്നാല്‍ ഇഞ്ചുടി ടൈമില്‍ ഒരു ഗോള്‍കൂടി മടക്കി വഹ്ബി കാസ്‌റി തോല്‍വി ഭാരം 5-2ആക്കി കുറച്ചു.

chandrika: