തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം.ലിജു രംഗത്ത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 300 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ 1400 ലേക്കെത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ലിജു വ്യക്തമാക്കി. ജാലിയന്‍ കണാരന്‍മാരോട് സോഷ്യല്‍ മീഡിയ സഖാക്കളെ ഉപമിക്കുകയു ചെയ്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏറെ പ്രശസ്തമായ ജാലിയന്‍ കണാരന്‍ എന്നൊരു ഹാസ്യ കഥാപാത്രമുണ്ട്. ഇല്ലാത്ത കാര്യങ്ങല്‍ പറയലും ഉള്ളത് പെരുപ്പിച്ചു പറയലുമാണ് അദ്ദേഹത്തിന്റെ പ്രധാന ഹോബി. സോഷ്യല്‍ മീഡിയയില്‍ ഇപ്പൊ സഖാക്കളുടെ അവസ്ഥയും ഏതാണ്ട് സമാനമാണ്. തള്ളോഴിഞ്ഞ സമയമില്ല. യുഡിഎഫ് ഭരണ കാലത്ത് 300 രൂപയായിരുന്ന പെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം 1200 രൂപയാക്കി എന്നാണ് ലേറ്റസ്റ്റ് തള്ള്.
എന്നാല്‍ എന്താണിതിന്റെ സത്യാവസ്ഥ…?

2011 മെയ് മാസം പതിനെട്ടാം തീയ്യതി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപ ആയിരുന്നു.
(വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാരാണ് അതുവരെ ഉണ്ടായിരുന്ന പെന്‍ഷന്‍ തുകയായ 250രൂപയില്‍ നിന്ന് ആയിരുന്നത് GO (ms) 38/2010 പ്രകാരം 50 രൂപ കൂട്ടി 300 രൂപയാക്കിയത്)
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യവര്‍ഷം തന്നെ പെന്‍ഷന്‍തുക 300ല്‍ നിന്ന് 400 ആക്കി ഉയര്‍ത്തി. (GO (ms) 60/2011 SWD-13/12/2011)

തൊട്ടടുത്ത വര്‍ഷം വീണ്ടും സര്‍ക്കാര്‍ ഓര്‍ഡര്‍ (ms) 50/2012-22/8/2012 പ്രകാരം:
1. 80 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്ന് 900 രൂപയാക്കി.
2. വികലാംഗ പെന്‍ഷന്‍ 400ല്‍ നിന്ന് 700 ആക്കി.
3. മറ്റുള്ള മുഴുവന്‍ പെന്‍ഷനുകളും 400 രൂപയില്‍ നിന്ന് 525 രൂപയാക്കിയും ഉയര്‍ത്തി.

മാത്രമല്ല വര്‍ദ്ധിച്ച നിരക്ക് 2012 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാനും തീരുമാനിച്ചു.
കൂടാതെ 20/06/2014 ന് GO (ms) 52/2014 നമ്പര്‍ ഉത്തരവ് പ്രകാരം പെന്‍ഷന്‍ നല്‍കാനുള്ള വരുമാന പരിധി ഒരു ലക്ഷം ആക്കിയതോടൊപ്പം, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങാം എന്നും തീരുമാനിച്ചു. തുടര്‍ന്ന്, G0 (ms) 24/2016 – 1/3/2016 നമ്പര്‍ ഉത്തരവ് പ്രകാരം 75 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ 900 രൂപയില്‍ നിന്ന് വീണ്ടും 1500 രൂപയാക്കി ഉയര്‍ത്തിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ്.

ഇനിയാണ് കഥയിലെ ട്വിസ്റ്റ് വരുന്നത്, 2016ല്‍ കൊട്ടിഘോഷിച്ച് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ GO (ms) 282/2016-15/7/2016 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ പെന്‍ഷനുകളും പ്രതിമാസം 1000 രൂപയായി നിജപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. മാത്രമല്ല, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കാന്‍ പാടില്ല എന്ന ക്രൂരമായ ചട്ടവും പുറപ്പെടുവിച്ചു .
തുടര്‍ന്ന് ഓരോ വര്‍ഷവും ബജറ്റ് പരാമര്‍ശങ്ങളുടെ പേരില്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക എന്ന എല്ലാ സര്‍ക്കാരുകളും ചെയ്തു വരുന്ന വര്‍ദ്ധനവിനെയാണ് സൈബറിടത്തിലെ സഖാക്കള്‍ രാജാവിന്റെ അമാനുഷികതയായി വാഴ്ത്തിപ്പാടുന്നത്. അതുപിന്നെ അങ്ങനെയല്ലേ വരൂ. അഴിമതിയും കെടുകാര്യസ്ഥതയും അടക്കി വാഴുമ്പോഴും പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിയേണ്ടി വന്നപ്പോഴും രാജാവ് നഗ്നനാണ് എന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറയാന്‍ പാകത്തിലൊരു സഖാവിനെ മഷിയിട്ടു തിരഞ്ഞാല്‍ പോലും കിട്ടാത്ത കാലമാണ്.

പെന്‍ഷന്‍ തുകയെ പറ്റി വേവലാതികള്‍ ഇല്ലാത്ത സൈബറിടത്തിലെ യുവാക്കള്‍ക്ക് മുന്നില്‍ ഒരുപക്ഷെ ഇത്തരം തള്ളുവണ്ടികള്‍ ഓടിക്കാന്‍ പറ്റുമായിരിക്കും. പക്ഷെ പെന്‍ഷന്‍ തുക കിട്ടാന്‍ കാത്തിരിക്കുന്ന വലിയൊരു വിഭാഗം പുറത്തുണ്ട്. അത് മറക്കരുത്. കഴിഞ്ഞ നാലര കൊല്ലം കൊണ്ട് കയ്യിട്ട് വാരാതെ കാര്യക്ഷമമായി നടപ്പിലാക്കിയ ഒരു പദ്ധതിയുടെ പേരെങ്കിലും മനഃപാഠമാക്കി പഠിച്ചിട്ടു വേണം വോട്ടു ചോദിച്ച് അവരുടെ മുന്നില്‍ ചെല്ലാന്‍.