കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (87) അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാവിത്രി അമ്മയാണ് ഭാര്യ. മക്കള്‍: മധു(ബാംഗളൂരു), മിനി, ഗംഗ തമ്പി(ഭരതനാട്യം നര്‍ത്തകി),മരുമക്കള്‍-കിരണ്‍ പ്രഭാകര്‍, താജ് ബീവി, തമ്പി.
കരോട്ട് വീട്ടില്‍ രാമചന്ദ്രക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് മടവൂര്‍ വാസുദേവന്‍ നായരുടെ ജനനം. കിൡമാനൂര്‍ സി.എം.എസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മടവൂര്‍ പരമേശ്വരന്‍ ആശാന്റെ ശിക്ഷണത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ വീട്ടില്‍ ഗുരുകുലസമ്പ്രദായമനുസരിച്ച് പന്ത്രണ്ടുവര്‍ഷം നീണ്ട കഥകളിയഭ്യാസനമാണ് മടവൂരിലെ പ്രതിഭക്ക് മാറ്റുകൂട്ടിയത്.
കഥകളിയില്‍ പുരാണബോധം, മനോധര്‍മ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കല്‍പ്പം തുടങ്ങിയവ മടവൂരിന്റെ മികച്ച വേഷങ്ങളായിരുന്നു. താടിവേഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും അദ്ദേഹം ചാതുര്യം തെളിയിച്ചു.
കേരളകലാമണ്ഡലം പുരസ്‌കാരം, തുളസീവനം പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ‘രംഗകുലപതി’ പുരസ്‌കാരം, കലാദര്‍പ്പണ പുരസ്‌കാരം, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്‌കാരിക സമിതി പുരസ്‌കാരം, 1997ല്‍ കേരള ഗവര്‍ണറില്‍ നിന്നും വീരശൃംഖല തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
Be the first to write a comment.