X

സോഷ്യല്‍മീഡിയയില്‍ വൈകാരിക പ്രതിഷേധം; ഒപ്പം സെല്‍ഫിയെടുത്തയാളുടെ പേജില്‍ അസഭ്യവര്‍ഷം

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വൈകാരിക പ്രതിഷേധവുമായി സോഷ്യല്‍മീഡിയ. പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയ പ്രതിഷേധങ്ങളാണ് കൂടുതലും കാണുന്നത്. ഇന്നലെയാണ് മോഷണക്കുറ്റം ആരോപിച്ച് മധു എന്ന ആദിവായി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുന്നത്. അതേസമയം, മധുവിനൊപ്പം സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിയ യുവാവിനെ സോഷ്യല്‍മീഡിയ വെറുതെ വിട്ടില്ല. മര്‍ദ്ദനമേറ്റ് നിസ്സഹായനായി നില്‍ക്കുന്ന മധുവിനൊപ്പമുള്ള സെല്‍ഫിയായിരുന്നു അയാളുടേത്. ഫോട്ടോയില്‍ കാണുന്ന ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമായിരുന്നു. ഇയാളുടെ പേജിലിപ്പോള്‍ സോഷ്യല്‍മീഡിയയുടെ രോഷപ്രകടനമാണിപ്പോള്‍. അശ്ലീലപദ പരാമര്‍ശങ്ങള്‍ മാത്രമാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്.

അട്ടപ്പാടി മുക്കാലിയിലെ കടുകുമണ്ണ ആദിവാസി ഊരിലെ യുവാവാണ് മരിച്ച മധു. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.

പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് വാഹനത്തില്‍ മധുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് പൊലീസ് അറിയിച്ചു.

chandrika: