X
    Categories: MoreNewsViews

മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് തുടങ്ങി

ഭോപാല്‍/ ഐസ്വാള്‍:മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 15 വര്‍ഷമായി ബി.ജെ.പി ഭരണം തുടരുന്ന മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് 2,907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബി.ജെ.പി 230 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 229 ഇടത്താണ് മത്സരിക്കുന്നത്. ഒരു സീറ്റ് ശരത് യാദവിന്റെ എല്‍.ജെ.ഡിക്ക് വിട്ടു നല്‍കി. ബി.എസ്.പി 227 ഇടത്തും, എസ്.പി 51 ഇടത്തും മത്സര രംഗത്തുണ്ട്. 1102 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പില്‍ ഭാഗ്യം തേടുന്നുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അരുണ്‍ യാദവും തമ്മില്‍ ഏറ്റുമുട്ടുന്ന ബുധ്‌നിയാണ് ഏവരും ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്. 2013ല്‍ 165 ഇടത്ത് വിജയിച്ച ബി.ജെ.പിക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഭരണ വിരുദ്ധ വികാരവും, കര്‍ഷക രോഷവുമടക്കം സര്‍ക്കാറിനെതിരായ വികാരം ശക്തമാണ്. കഴിഞ്ഞ തവണ 58 മണ്ഡലങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ അധികാരം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ്. വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് സംസ്ഥാനത്ത് നടന്നത്. പ്രധാനമന്ത്രി മോദിയടക്കം മുഴുവന്‍ കേന്ദ്ര നേതാക്കളെയും അണിനിരത്തിയാണ് ബി.ജെ.പി പ്രചരണം നയിച്ചതെങ്കില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ് എന്നിവരെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ടുവെച്ചത്. 2,41,30,390 സ്ത്രീകളും, 2,63,01,300 പുരുഷന്‍മാരും 1,389 മൂന്നാംലിംഗക്കാരുമാണ് സംസ്ഥാനത്ത് വോട്ടര്‍മാര്‍. 40 അംഗ മിസോറം നിയമസഭയിലേക്ക് കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്പോള്‍ പ്രധാന പ്രതിപക്ഷമായ എം.എന്‍.എഫ് 39 ഇടത്തും മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. 7.7 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. 209 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഭരണം നിലനിര്‍ത്താനായി കോണ്‍ഗ്രസും തിരിച്ചു പിടിക്കാനായി എം.എന്‍.എഫും തമ്മിലാണ് പ്രധാന പോരാട്ടം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അധിവസിക്കുന്ന മിസോറമില്‍ സീറ്റു പിടിച്ചെടുക്കുന്നതിനായി കോണ്‍ഗ്രസിലെ വിമതന്‍മാരെ കൂട്ടുപിടിച്ചാണ് ബി.ജെ.പി അങ്കത്തിനിറങ്ങിയത്. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളോടൊപ്പം അടുത്ത മാസം 11ന് നടക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: