X
    Categories: CultureNewsViews

മുന്നാക്ക സംവരണം; കേന്ദ്ര സര്‍ക്കാറിന് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം ഏര്‍പ്പെടുത്തിയതിനെപ്പറ്റി വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 18-നു മുമ്പ് കേന്ദ്രം വിശദീകരണം നല്‍കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡി.എം.കെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ് ഭാരതി നല്‍കിയ പരാതിയില്‍ കോടതി വ്യക്തമാക്കി.

EWS Quota : Madras HC Issues Notice In DMK Member’s Petition Challenging Constitution Amendment https://t.co/Xsk2YLuG8Q— Live Law (@LiveLawIndia) January 21, 2019

മുന്നാക്ക സമുദായങ്ങളിലെ എട്ടു ലക്ഷത്തില്‍ കുറവ് വരുമാനപരിധിയിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കാര്യമായ എതിര്‍പ്പില്ലാതെ പാസായിരുന്നു. മുസ്ലിം ലീഗ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരടക്കം പത്തുപേര്‍ മാത്രമാണ് ഇരുസഭകളിലുമായി ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെതിരെ വോട്ടു രേഖപ്പെടുത്തിയത്. സംവരണത്തെ അട്ടിമറിക്കാനുദ്ദേശിച്ച് ബി.ജെ.പി രൂപീകരിച്ച ബില്ലിനെ സി.പി.എം പൂര്‍ണ പിന്തുണ നല്‍കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടിട്ടും മോദി സര്‍ക്കാറിന് അനുകൂലമായ നിലപാടാണ് സി.പി.എം കൈക്കൊണ്ടത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി അംഗീകരിച്ചതോടെ നിലവില്‍ വന്ന 103-ാം ഭരണഘടനാ ഭേദഗതി നിയമത്തിനെതിരെ ഡി.എം.കെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനം ലഭ്യമാക്കുക എന്നതല്ലെന്നും പിന്നാക്ക സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം നല്‍കലാണെന്നും ആര്‍.എസ് ഭാരതി പറഞ്ഞു. ഇക്കാരണത്താല്‍ പുതിയ ഭേദഗതി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: