X

തെരുവില്‍ വിസര്‍ജിച്ചുവെന്ന് ആരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു

ശിവപുരി: തെരുവില്‍ വിസര്‍ജിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭവ്‌കേധി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. റോഷ്‌നി ബാല്‍മീകി(12), അവിനാഷ് ബാല്‍മീകി(10) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹക്കിം യാദവ്, സഹോദരന്‍ രാമേശ്വര്‍ യാദവ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രാമത്തില്‍ ജാതിവിവേചനം ശക്തമാണെന്നും, പൊതുടാപ്പില്‍ നിന്ന് മറ്റുള്ളവര്‍ വെള്ളമെടുത്തതിന് ശേഷം മാത്രമെ ദളിത് വിഭാഗക്കാര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ എന്നും കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ മനോജ് ബാല്‍മീകി പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചതിന് രണ്ടുവര്‍ഷം മുമ്പ് പ്രതികളുമായി വാക്കേറ്റമുണ്ടായതായും തന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ബാല്‍മീകി കൂട്ടിച്ചേര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് പൊലീസ് പ്രദേശത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തി.

മധ്യപ്രദേശ് വെളിയിട വിസര്‍ജന മുക്ത സംസ്ഥാനമായി 2018 ഒക്ടോബര രണ്ടിന് അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രതികള്‍ മാനസികരോഗികളാണെന്ന് പൊലീസ് പറഞ്ഞു.

chandrika: