X

നൗകാംപിലെ കിങ് ലിയോ; മുന്നൂറാനായി ലയണല്‍ മെസ്സി

എയ്ബറിനെതിരായ മത്സരത്തില്‍ പ്രതിരോധക്കാരുടെ സമ്മര്‍ദം വകവെക്കാതെ മെസ്സിയുടെ മുന്നേറ്റം

ബാര്‍സലോണ: നാലു ഗോളുമായി ലാലീഗ സീസണില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ അഞ്ചാം ജയമൊരുക്കിയ ലയണല്‍ മെസ്സി നൗകാംപില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ലോക ഫുട്‌ബോളിലെ ശ്രദ്ധേയ മൈതാനങ്ങളിലൊന്നായ നൗകാംപില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന്‍ 300 ഗോളുകള്‍ നേടുന്നത്.
ലയണല്‍ മെസ്സി നാലു ഗോളുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒന്നിനെതിരെ ആറു ഗോളിനാണ് എയ്ബറിനെ നൗകാംപില്‍ ബാര്‍സ തകര്‍ത്തുവിട്ടത്. പുതിയ സീസണില്‍ മികച്ച ഫോമിലുള്ള മെസ്സി 20-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് അക്കൗണ്ട് തുറന്നത്.
മത്സരത്തില്‍ ഇടവേളയ്ക്കു ശേഷമാണ് നൗകാംപ് മെസ്സിയുടെ വിളയാട്ടത്തിന് സാക്ഷ്യം വഹിച്ചത്. 53-ാം മിനുട്ടില്‍ മൈതാന മധ്യത്തു നിന്ന് കുതിച്ചോടിയുള്ള അര്‍ജന്റീനാ താരത്തിന്റെ കരുത്തുറ്റ ഷോട്ട് എയ്ബര്‍ കീപ്പര്‍ മാര്‍കോ ദിമിത്രോവ് പണിപ്പെട്ട് തട്ടിയകറ്റിയെങ്കിലും പന്ത് കാല്‍ക്കലാക്കി ഡെനിസ് സുവാരസ് പന്ത് വലയിലേക്ക് അടിച്ചുകയറ്റി. 56-ാം മിനുട്ടില്‍ ഡേവിഡ് ജുന്‍കയുടെ ക്രോസില്‍ നിന്നുള്ള കുറ്റമറ്റ ഷിനിഷിങിലൂടെ സെര്‍ജി എന്റിക് ഒരു ഗോള്‍ മടക്കി.
59-ാം മിനുട്ടില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സില്‍ നിന്ന് പന്ത് സ്വീകരിച്ച് മുന്നോട്ടുകയറിയ മെസ്സി പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ലക്ഷ്യം കണ്ടു. ഡൈവ് ചെയ്ത ഗോള്‍കീപ്പറുടെ വിരലുകള്‍ക്കും വലതു പോസ്റ്റിനുമിടയില്‍ ഒരു പന്തിന് കടന്നുപോകാന്‍ മാത്രമുള്ള ഇടനാഴിയിലൂടെ നേടിയ ഗോള്‍ മെസ്സിയുടെ ഭാവനയുടെ തെളിവായിരുന്നു. മൂന്നു മിനുട്ടുകള്‍ക്കു ശേഷം പൗളീഞ്ഞോയ്ക്ക് കൊടുത്തു വാങ്ങിയ പന്തുമായി ബോക്‌സില്‍ കയറിയ മെസ്സി മൂന്ന് പ്രതിരോധക്കാരുടെ സമ്മര്‍ദം വകവെക്കാതെ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് തട്ടി മെസി മത്സരത്തില്‍ ഹാട്രിക്കും സ്വന്തമാക്കി. 87-ാം മിനുട്ടില്‍ അലക്‌സ് വിദാലിന്റെ പാസില്‍ കൃത്യതയോടെ കാല്‍വെച്ച് മെസ്സി നാല്‍ ഗോള്‍ എന്ന പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്ത്.

ഗോള്‍കിരീടം: 6-1 ന് ജയം നേടിയ എയ്ബറിനെതിരായ മത്സര ശേഷം റഫറിയില്‍ നിന്നും ഓര്‍മക്കായി പന്ത് കൈപ്പറ്റുന്ന ലയണല്‍ മെസ്സി

ലാലിഗയില്‍ 28 ഹാട്രിക് പൂര്‍ത്തിയാക്കിയ മെസ്സി ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 32 ഹാട്രിക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് അര്‍ജന്റീനാ താരത്തിനു മുന്നിലുള്ളത്.
സ്പാനിഷ് സൂപ്പര്‍ കപ്പ് അടക്കം ഈ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്നായി മെസ്സിക്ക് 12 ഗോളുകളായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ നേടാന്‍ കഴിഞ്ഞ മെസ്സിയുടേത് ലാലിഗ സീസണിലെ ഏറ്റവും മികച്ച തുടക്കമായി. 2017 കലണ്ടര്‍ വര്‍ഷത്തില്‍ 40 മത്സരങ്ങളില്‍ നിന്നായി 43 ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്.

chandrika: