ദുലെ: മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് അഞ്ച് പേരെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിയായ മഹാരു പവാറാ(22)ണ് പിടിയിലായത്. സംഭവം നടന്ന ശേഷം ഒളിവിലായിരുന്നു ഇയാളെ നന്ദുര്‍ബാര്‍ ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്.

ദുലെ ജില്ലയിലെ റെയിന്‍പാഡ ഗ്രാമത്തിലെ ആഴ്ച ചന്തയില്‍ വെച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്. സംഘത്തിലൊരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ട ആളുകള്‍ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയുമായിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം മേഖലയില്‍ എത്തിയിട്ടുണ്ടെന്ന അഭ്യൂഹം കുറച്ചു ദിവസങ്ങളായി ഇവിടെ പ്രചരിക്കുന്നുണ്ടായിരുന്നു. ആ സംഘത്തില്‍ പെട്ടവരാണെന്ന് സംശയിച്ചായിരുന്നു മര്‍ദനം. സംഭവം നടക്കുമ്പോള്‍ 3,000 പേരടങ്ങിയ ജനക്കൂട്ടം അവിടെ എത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു.