X
    Categories: MoreViews

ഗാന്ധിജിക്കും നെഹ്‌റുവിനും അവഗണന; രാജസ്ഥാന്‍ പാഠപുസ്തകം സവര്‍ക്കര്‍ മയം

ജെയ്പൂര്‍: രാജസ്ഥാന്‍ സംസ്ഥാന സ്‌കൂള്‍ ബോര്‍ഡ് തയ്യാറാക്കിയ പാഠ പുസ്തകത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരേക്കാള്‍ പരിഗണന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കര്‍ക്ക്. ദേശീയതയുടെ അതിപ്രസരം നിറഞ്ഞു നില്‍ക്കുന്ന ഏകീകൃത സിവില്‍കോഡ്, രാഷ്ട്രഭാഷയായ ഹിന്ദി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ നയം, പാകിസ്താന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയ കത്തി നില്‍ക്കുന്ന സമകാലിക വിഷയങ്ങളാണ് 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുണ്ടായിരുന്ന പാഠഭാഗം പൂര്‍ണമായി ഒഴിവാക്കി. മഹാത്മാഗാന്ധിയെക്കുറിച്ചുണ്ടായിരുന്ന പാഠഭാഗം ഭാഗികമായി ചുരുക്കുകയും ചെയ്തു. ഇതേ പുസ്തകത്തില്‍ തന്നെയാണ് സവര്‍ക്കര്‍ക്കായി കൂടുതല്‍ പേജുകള്‍ മാറ്റിവെച്ചിരിക്കുന്നത്.
രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെപ്പോലും ഹിന്ദുത്വ വല്‍ക്കരിക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയിരുന്നു. ഒമ്പതാംക്ലാസില്‍ നെഹ്‌റുവിനെക്കുറിച്ച് ധാരാളം പറയുന്നുണ്ടെന്നും എല്ലാ ക്ലാസിലും എല്ലാ നേതാക്കളേയും പറയാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്. മാത്രമല്ല, പരസ്യമായ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണത്തിനും സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ആയുധമാക്കുന്നതായാണ് ആരോപണം.
പത്താംക്ലാസ് പാഠപുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയും ബ്രിട്ടീഷ് ഭരണം നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പറയുന്നത്. പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ ഒരു പടി കൂടി കടന്ന് കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുടെ വളര്‍ത്തു കുഞ്ഞായിരുന്നുവെന്ന ആക്ഷേപവും ഉന്നയിക്കുന്നു.
വീര്‍ സവര്‍ക്കര്‍ വലിയ വിപ്ലവകാരി ആയിരുന്നുവെന്നും മഹാനായാ ദേശസ്‌നേഹിയും മികച്ച സംഘാടകനും ആണെന്നുമാണ് പത്താംക്ലാസ് പാഠപുസ്തകത്തില്‍ പറയുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിലെ ഗാന്ധിയുടെ പങ്ക് തരം താഴ്ത്തിക്കാണിക്കുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വീര്‍ സവര്‍ക്കര്‍ സഹിച്ച ത്യാഗം വാക്കുകള്‍പ്പുറമാണെന്നാണ് വാദിക്കുന്നത്.

chandrika: