X

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം: കെ.എന്‍.എ ഖാദര്‍ പുതിയ ജില്ലകള്‍ പരിഗണനയിലില്ലെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിനെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ.എന്‍.എ ഖാദര്‍. നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെയും ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്ന് ഇത് അവതരിപ്പിക്കാനായില്ല. ഇത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്നലെ സഭയില്‍ വിശദീകരണം നല്‍കി.
ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അത് സ്പീക്കര്‍ പരിഗണിക്കാന്‍ അനുവദിച്ച ദിവസം തനിക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ നോട്ടീസ് പരിഗണിച്ചപ്പോള്‍ തനിക്ക് അവതരിപ്പിക്കാനായില്ല. അതുകാരണമാണ് വീണ്ടും വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവിഷയമല്ല ഇതെന്നും മലപ്പുറത്തുകാരുടെ ഏറെ നാളത്തെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണസൗകര്യത്തിനായി പുതിയ താലൂക്കും, പഞ്ചായത്തും രൂപീകരിക്കുന്നതു പോലെയാണെന്നും അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമായി കരുതാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. ഉദ്യോഗസ്ഥമേധാവിത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണസംവിധാനത്തോടും പ്രാദേശിക ജനസമൂഹത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തും വിധം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധികാരവികേന്ദ്രീകരണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന ജില്ലയാണ് മലപ്പുറം. ആ സുസ്ഥിര വികസനസംസ്‌കാരം ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി അറിയിച്ചു.
1969 ജൂണ്‍ 16 ന് ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നതെന്ന് ഖാദര്‍ പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറത്ത് വികസനം കടന്നു വരുന്നുണ്ട്. എന്നാല്‍, 50 വര്‍ഷം കഴിഞ്ഞിട്ടും ജനസംഖ്യക്ക് ആനുപാതികമായ വികസനവളര്‍ച്ചയില്ല. വഴിക്കടവ് മുതല്‍ വളയങ്കോട് വരെ നീണ്ടു കിടക്കുന്ന ഭൂമിശാസ്ത്രപരമായി വിസ്തൃതമായ ജില്ലയാണ് മലപ്പുറം. ജില്ലാ കലക്ടര്‍ ഓഫീസിലേക്ക് 70 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരികയാണെന്നും ഖാദര്‍ പറഞ്ഞു.
ഊഷ്മളമായ മനുഷ്യബന്ധങ്ങളുള്ള മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് മലപ്പുറം. തുഞ്ചത്ത് എഴുത്തച്ഛന്‍, മേല്‍പ്പത്തൂര്‍, ചെറുകാട്, ഉറൂബ്, പൂക്കോയ തങ്ങള്‍, ഇ.എം.എസ്. എം.പി നാരായണ മേനോന്‍, മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ മഹാരഥന്‍മാരുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടാണിത്. സംസ്ഥാനത്ത് കുടുംബശ്രീ, അക്ഷയ, പൂര്‍ണസാക്ഷരത, ഐ.സി.ഡി.എസ് എന്നിവ ആദ്യം തുടങ്ങിയത് ഇവിടെയാണ്. പുതിയ ജില്ല വന്നാല്‍ ഭരണസൗകര്യം കൂടും. പുതിയ ജില്ലാ പഞ്ചായത്തുണ്ടാകും. പുതിയ സ്‌കൂളുകള്‍, കോളജുകള്‍, ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കൂടുതല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ എന്നിവയും ഉണ്ടാകും. ഫലത്തില്‍ അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
44 ലക്ഷത്തോളമാണ് മലപ്പുറത്തെ നിലവിലെ ജനസംഖ്യ. തൊട്ടുപിന്നിലുളള തിരുവനന്തപുരത്ത് 33 ലക്ഷവും. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം 11 ലക്ഷം വരും. 37 ലക്ഷമാണ് വയനാടും മലപ്പുറവും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയില്‍ ലോകസഭാ സീറ്റുകളേക്കാള്‍ കുറവ് ജില്ലകളുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിലെല്ലാം മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ജില്ലകളുണ്ട്. അതിനുസരിച്ച് കേരളത്തില്‍ പുതിയ ജില്ലകള്‍ ഉണ്ടാകേണ്ടതുണ്ട്. മലപ്പുറത്ത് മാത്രമല്ല, വടകര, മൂവാറ്റുപുഴ തുടങ്ങിയ അനുയോജ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ജില്ല തുടങ്ങാവുന്നതാണ്. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ച് സര്‍ക്കാര്‍ പുതിയ പഞ്ചായത്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് അറിയുന്നത്. ഭരണസൗകര്യത്തിനല്ലേ ഇത്. മലപ്പുറത്തെ വിഭജിച്ച് എങ്ങനെ പുതിയ ജില്ല ഉണ്ടാക്കാം. ഏതെല്ലാം പ്രദേശം കൂട്ടിചേര്‍ക്കാം എന്ന കാര്യം പരിശോധിക്കാന്‍ സ്‌പെഷല്‍ ഓഫീസറെ വെക്കണമെന്നും കെ.എന്‍.എഖാദര്‍ ആവശ്യപ്പെട്ടു.

web desk 1: