X

മലപ്പുറം ദേശീയപാത സര്‍വേ; കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോ.എം.കെ.മുനീര്‍, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.
ദേശീയപാതക്കായി സ്ഥലമെടുക്കുമ്പോള്‍ ഭൂമിയും വീടും നെല്‍പാടങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും നഷ്ടപരിഹാരം ഉള്‍പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിക്കണമെന്നും നിവേദകസംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. നിരവധി പേര്‍ക്ക് വീടും സാധാരണക്കാരുടെ ഭൂമിയും നെല്‍പാടങ്ങളും നഷ്ടമാകുമെന്ന സാഹചര്യം അവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ചെറുകിടക്കാര്‍ക്കാണ് വലിയ നഷ്ടമുണ്ടാകുന്നത്.

തികച്ചും സാധാരണക്കാരും പാവങ്ങളുമായ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം ഉടന്‍ തന്നെ വിളിച്ചുചേര്‍ക്കാമെന്ന് മുഖ്യമന്ത്രി നിവേദകസംഘത്തെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കല്‍ ആക്ട് പ്രകാരം അവര്‍ക്ക് നെഗോഷ്യേറ്റ് ചെയ്യാനുള്ള അവകാശമുണ്ട്. അതിന് സാഹചര്യമൊരുക്കണമെന്നും നിവേദകസംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകുമെന്നും ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ച് പരിഹാരമുണ്ടാക്കാന്‍ ഉടന്‍ നിര്‍ദേശം നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാരസമിതി ഇതു സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തിയെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. മലപ്പുറം ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ ആരംഭിച്ചപ്പോള്‍ തന്നെ വലിയ തോതിലുള്ള പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നാട്ടുകാരുമായി ചര്‍ച്ച നടത്താന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയെ സമീപിച്ചതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

chandrika: