X

മലയാളി തീര്‍ത്ഥാടകര്‍ ഇന്നു മുതല്‍ മക്കയിലെത്തും

വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മദീനയിലെത്തിയ മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് മുതല്‍ മക്കയിലേക്ക് നീങ്ങും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ആദ്യ രണ്ട് വിമാനങ്ങളിലായി കൊച്ചിയില്‍ നിന്നെത്തിയ 753 തീര്‍ത്ഥാടകരാണ് ഇന്ന് മക്കയിലെത്തുക .

സഊദിയയുടെ 13 വിമാനങ്ങളിലായി 4901 മലയാളി തീര്‍ത്ഥാടകരാണ് ഇന്നലെ വരെ മദീനയിലെത്തിയത്. അടുത്ത നാല് ദിവസങ്ങളിലായി 2639 പേര്‍ കൂടി മദീനയിലിറങ്ങും. ജൂണ്‍ 16ന് മൂന്ന് വിമാനങ്ങളിലായി തീര്‍ത്ഥാടകര്‍ പുറപ്പെടുന്നതോടെ കൊച്ചിയില്‍ നിന്നുള്ള ഇക്കൊല്ലത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര അവസാനിക്കും. ഇതോടെ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള 7540 പേരും ഇരുപത് വിമാനങ്ങളിലായി പുണ്യഭൂമികളിലെത്തും.

എട്ട് ദിവസമായി പ്രവാചക നഗരിയില്‍ കഴിച്ചുകൂട്ടിയ തീര്‍ത്ഥാടകര്‍ മദീനയിലെ പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും റൗളാ സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മിഷന്റെയും സഊദി കെഎംസിസി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള്‍ തീര്‍ത്ഥാടകര്‍ക്ക് സഹായകരമാകുന്നുണ്ട്.മക്കയിലെ അസീസിയയിലെ ഒന്നാം നമ്പര്‍ ബില്‍ഡിങ്ങിലാണ് ഇവര്‍ക്കുള്ള താമസം ഒരുക്കിയിട്ടുള്ളത്. ഇക്കൊല്ലം ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള മുഴുവന്‍ ഹാജിമാര്‍ക്കും അസീസിയയിലാണ് താമസം. എട്ട് ദിവസം മദീനയില്‍ പൂര്‍ത്തിയാക്കുന്ന തീര്‍ത്ഥാടകരെ ഇനിയുള്ള ദിവസങ്ങളില്‍ മക്കയിലെത്തിക്കും. നേരത്തെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലെത്തിയ മലയാളി ഹാജിമാര്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയിരുന്നു. തീര്‍ത്ഥാടകരെ മക്ക കെഎംസിസി പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്നു.
അതിനിടെ സഊദിയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അപേക്ഷിക്കാനുള്ള സമയം ശനിയാഴ്ച്ച അവസാനിച്ചു. ഓണ്‍ലൈന്‍ വഴി അഞ്ച് ലക്ഷത്തില്‍ പരം അപേക്ഷകളാണ് ലഭിച്ചതെന്നാണ് വിവരം.

Chandrika Web: