മുംബൈ: ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി മുംബൈ തീരത്ത് നിന്ന് കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ച് ഉദ്യോഗസ്ഥരും രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷണസേന നടത്തിയ തിരച്ചിലില്‍ കടലില്‍ നിന്ന് മൂന്നു മൃതദേഹം കണ്ടെത്തി. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കാണാതായ ഹെലികോപ്ടറില്‍ രണ്ടു മലയാളികളുണ്ടെന്നാണ് വിവരം. ഇവരടക്കം നാലുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഉള്‍ക്കടലില്‍ തിരച്ചില്‍ തുടരുകയാണ്. വി.കെ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത് ഒഎന്‍ജിസിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് ജോസ്.

മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. ഏകദേശം 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ടതായിരുന്നു ഹെലികോപ്റ്റര്‍.