X

മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് പുണ്യഭൂമിയില്‍

അഷ്റഫ് വേങ്ങാട്ട്

റിയാദ് :കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇക്കൊല്ലത്തെ ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ച മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും. കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ ഒന്നേമുക്കാലിനുള്ള ഐ എക്‌സ് 3027 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നേരെ മക്കയിലേക്ക് പോകും. 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് ആദ്യ വിമാനത്തില്‍ പുലര്‍ച്ചെ സഊദി സമയം അഞ്ചരക്ക് ജിദ്ദയിലിറങ്ങുക. കോഴിക്കോട് നിന്ന് നാളെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങളാണ് ജിദ്ദയിലെത്തുക. പുലര്‍ച്ചെ നാലരക്ക് ഐ എക്‌സ് 3031 വിമാനത്തില്‍ 69 പുരുഷന്മാരും 76 സ്ത്രീകളുമുള്‍പ്പടെ 145 പേരും രാവിലെ എട്ടരക്ക് ഐ ഐ എക്‌സ് 3021 വിമാനത്തില്‍ 77 പുരുഷന്‍മാരും 68 സ്ത്രീകളും ഉള്‍പ്പടെ 145 പേരും ജിദ്ദയിലെത്തും .

ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങുന്ന മലയാളി തീര്‍ത്ഥാടകരുടെ ആദ്യസംഘത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും കെഎംസിസി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വരുന്ന വിമാനങ്ങളിലുള്ള തീര്‍ത്ഥാടകരെയും സ്വീകരിക്കാന്‍ സഊദി കെഎംസിസി ഹജ്ജ് സെല്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ സംഘം കെഎംസിസി വളണ്ടിയര്‍മാര്‍ ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലിലുണ്ടാകും. വിമാനത്താവളത്തില്‍ നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക ഇലക്ട്രിക്ക് കാര്‍ ജിദ്ദ കെഎംസിസി ഹജ്ജ് സെല്‍ ഇന്ത്യന്‍ മിഷന്‍ വഴി ഹജ്ജ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.

ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 11121 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. ഇവരില്‍ 4290 പുരുഷന്‍മാരും 6831 സ്ത്രീകളുമാണുള്ളത്. ഇവരില്‍ പകുതിയിലധികവും (6931 പേരും) കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഉള്ളതിനാല്‍ തന്നെ ഇത്തവണ സ്ത്രീകള്‍ക്ക് മാത്രമായി ഹജ്ജ് വിമാനവും കരിപ്പൂരില്‍ നിന്നുണ്ടാകും.

അതേസമയം മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച്ച ആദ്യ ജുമുഅയില്‍ പങ്കാളികളായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന എട്ട് ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞെത്തിയ ആറായിരത്തി അഞ്ഞൂറിലധികം തീര്‍ത്ഥാടകരാണ് വിശുദ്ധ ഹറമില്‍ ജുമുഅയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ ഇതുവരെയായി നൂറ്റിപ്പത്തിലധികം വിമാനങ്ങളിലായി മുപ്പത്തിയെട്ടായിരത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം മദീനയിലും ജിദ്ദയിലുമായി എത്തിയിട്ടുണ്ട്. ഇവരില്‍ ഏഴായിരത്തോളം പേര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തി. ശക്തമായ ചൂടിലും തീര്‍ത്ഥാടകര്‍ നേരത്തെ തന്നെ വിശുദ്ധ ഹറമിലെത്തിയിരുന്നു. തീര്‍ത്ഥാടകര്‍ക്ക് തുണയായി ഇന്ത്യന്‍ ഹജ്ജ് മിഷനും കെഎംസിസി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളുടെ വളണ്ടിയര്മാരും വഴിയുലടനീളം സേവന സജ്ജരായി നിലകൊണ്ടു.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ ആയിരത്തിലധികം മലയാളികള്‍ വിശുദ്ധ മക്കയിലെത്തിയിട്ടുണ്ട്. മുപ്പത്തി അയ്യായിരത്തിലധികം ഇന്ത്യക്കാരാണ് ഇത്തവണ സ്വകര്യ ഗ്രൂപ്പുകള്‍ വഴി പുണ്യകര്‍മ്മത്തിനെത്തുന്നത്. ഇവരില്‍ അയ്യായിരത്തിലധികം മലയാളി തീര്‍ത്ഥാടകരാണ് . സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം തീര്‍ത്ഥാടകരും ഹജ്ജിന് മുമ്പേ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും.

webdesk11: