ദക്ഷിണാഫ്രിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം നേമം കുതിരവട്ടത്തില്‍ സുജാസില്‍ അശോക് കുമാറിനെയാണ് വീട്ടുവളപ്പില്‍ കാറിനു സമീപത്തായായി വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോളിവേഡ് ഇംഗ്ലീഷ് ജൂനിയര്‍ സ്‌കൂള്‍ ഉടമയാണ് അശോക് കുമാര്‍. ഇയാളുടെ മൃതദേഹം ആരും തിരിച്ചറിയാതെ വന്നതോടെ ഉംറ്റാന ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയായിരുന്നു. മൃതദേഹത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ സുഹൃത്തുക്കള്‍ തിരിച്ചറിയുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് എത്തിയപ്പോയായിരിക്കും ആക്രമണം നടന്നതെന്നാണ് പൊലീസ് നിഗമനം. കാറില്‍ വരുന്നതിനിടെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചശേഷം മൃതദേഹം വീട്ടിനുസമീപം ഉപേക്ഷിക്കുകയായിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.