യു.പിയില്‍ വ്യാപകമായി അറവുശാലകള്‍ നിരോധിക്കുമ്പോള്‍ ബംഗാളില്‍ വീടിനുമുമ്പില്‍ ബീഫെത്തിക്കുന്ന ‘മീറ്റ് ഓണ്‍ വീല്‍സ്’ പദ്ധതിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്‍ക്കത്തയിലെ കന്നുകാലി കോര്‍പ്പറേഷനാണ് മാംസാഹാരം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സ്വാപന്‍ ദേബ്‌നാഥ് നിര്‍വ്വഹിച്ചു. ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകള്‍ നിരോധിക്കുന്നതിന്റെ മറവില്‍ സംസ്ഥാനത്തെ മുഴുവന്‍ അറവുശാലകളും നിരോധിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുകയാണ്.

വാഹനങ്ങളില്‍ വീട്ടുപടിക്കല്‍ മാംസാഹാരങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. പോത്ത്, കോഴി എന്നിവക്കു പുറമെ താറാവ്, എമു, ടര്‍ക്കിക്കോഴി എന്നിവയും എത്തിക്കും. സംസ്ഥാനത്ത് നിലവില്‍ മൂന്ന് വാനുകളാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതിയാണിത്. എന്നാല്‍ വിജയകരമാവുകയാണെങ്കില്‍ പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ നിരോധിക്കുന്നതിനെതിരെ മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. മനുഷ്യര്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ അവിടെ ഭയത്തോടെ ജീവിക്കുന്ന രീതിയാണ് കാണുന്നത്. എല്ലാവരും ഒന്നാണ്. അത് നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭരണഘടന അനുവദിക്കുന്ന എല്ലാം ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മമത ബാനര്‍ജി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തെ അറവുശാലകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുകയാണ്. ഇതിനെതിരെ സംസ്ഥാനത്തെ ഇറച്ചിവില്‍പ്പനക്കാര്‍ സമരത്തിലാണ്.