ഇംഫാല്‍: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്‌ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്‍പ്പടെ ഏഴു പേരാണ് മണിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
27 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകളായ 4.59 കിലോഗ്രാം തൂക്കമുളള ഹെറോയിന്‍, 28 കിലോഗ്രാം മയക്കുമരുന്നു ഗുളികളുമാണ് പിടികൂടിയത്. ഇതിനുപുറമെ 95,000 രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകള്‍, 57.18 ലക്ഷം രൂപ, രണ്ട് തോക്കുകള്‍, എട്ട് ബാങ്ക് പാസ്ബുക്ക്, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തതായി നര്‍ക്കോട്ടിക്‌സ് വിഭാഗം അറിയിച്ചു.

ചണ്ടേല്‍ ജില്ലാ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ലട്ട്‌ഖോസി സു കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ലങ്കോള്‍ ഗെയിം ഗ്രാമത്തിലുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്. രണ്ട് സ്യൂട്ട് കേസുകളിലായാണ് നിരോധിത മയക്കുമരുന്നുകള്‍ ബിജെപി നേതാവ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. വിവിധ സമയങ്ങളില്‍ പലയിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.