കോഴിക്കോട് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് നടി മഞ്ജുവാര്യരെ തേടി ഒരു പ്രായം ചെന്ന ആരാധികയെത്തുന്നത്. വേദിക്കടുത്തേക്ക് നീങ്ങി മഞ്ജുവിനെ ആലിംഗനം ചെയ്തപ്പോള്‍ മഞ്ജുവാര്യരും അവര്‍ക്കൊപ്പം സമയം ചിലവിട്ടു. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ആ ദൃശ്യങ്ങള്‍ പിന്നീട് ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ആരാധികക്ക് നന്‍മയും പ്രാര്‍ത്ഥനയും കുറിച്ച് മഞ്ജുവും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തു. അമ്മയേക്കാള്‍ പ്രായമുള്ള ആ ആരാധികയെക്കുറിച്ച് ആര്‍ക്കും പിടികിട്ടിയില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിന്നെ അന്വേഷണമായി. ഒടുവില്‍ അധികം ദൂരത്തല്ലാതെ കോഴിക്കോട് വെച്ചുതന്നെ അവരെ കണ്ടെത്തിയതും വാര്‍ത്തയായി. കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരിയായ, പഴയ തലമുറക്കാരുടെ ആകാശവാണിയിലെ ബീഗം റാബിയയായിരുന്നു അത്. ബാലലോകം, നാട്ടിന്‍പുറം, വനിതാവേദി തുടങ്ങിയ പരിപാടികളിലൂടെ ശ്രോതാക്കള്‍ക്കള്‍ക്ക് പ്രിയങ്കരിയാണ് റാബിയ ബീഗം. അറുപത്തിയഞ്ച് വര്‍ഷത്തോളം ആകാശവാണിയിലെ ആര്‍ട്ടിസ്റ്റാണവര്‍. റാബിയ ബീഗത്തിന്റെ ചെറുപ്പകാലത്ത് ഇവര്‍ക്ക് സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ‘ചെമ്മീന്‍’ എന്ന സിനിമയിലേക്ക് കറുത്തമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു അവസരം. അന്ന് സത്യനും രാമുകാര്യാട്ടും നേരിട്ടെത്തി വിളിച്ചിരുന്നു. പക്ഷേ സിനിമയെന്ന കലാലോകത്തേക്ക് കടക്കാന്‍ അവരുടെ യാഥാസ്ഥിതിക ചുറ്റുപാടുകള്‍ അനുവദിച്ചില്ല. സല്ലാപം മുതല്‍ മഞ്ജുവാര്യറുടെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട് ബീഗം റാബിയ. സിനിമയില്‍ മഞ്ജുവിന് ശേഷം ഒട്ടേറെ നടിമാരെത്തിയെങ്കിലും ബീഗം റാബിയക്ക് ഇപ്പോഴും പ്രിയങ്കരി മഞ്ജു തന്നെ. അന്നും ഇന്നും മഞ്ജുവാര്യറുടെ ആരാധികയായ ബീഗം റാബിയ നഗരത്തിലെ ഒരൊറ്റ മുറി വീട്ടിലാണ് താമസം.

കടപ്പാട്: മീഡിയ വണ്‍, മാതൃഭൂമി