തൃശൂര്‍: രണ്ട് ദിവസമായി സമരം തുടരുന്ന മാന്ദാമംഗലത്ത് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യോഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു.

വൈദികരടക്കം 28 പേരെ പൊലീസ് അറസ്റ്റു ചെയ്തു. 120 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി പളളി കവാടത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സമരം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഓര്‍ത്തഡോക്‌സ് വിഭാഗം ഗെയ്റ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ പള്ളിക്കുള്ളില്‍ നിന്ന് കല്ലേറ് തുടങ്ങിയപ്പോഴാണ് തങ്ങള്‍ അകത്തു കയറിയതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നത്.