X

ഇന്ന്മറഡോയുടെ രണ്ടാം ചരമവാര്‍ഷികം

മധു പി.

കഴിഞ്ഞതവണ ലോകകപ്പ് ഗാലറി സ്റ്റാന്‍ഡുകളില്‍ നിന്ന് കൈവിരിച്ചു നിന്ന മറഡോണ എന്ന മഹാനായ കാല്‍പന്തു കളിക്കാന്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. മറഡോണയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് 2022 നവംബര്‍ 25. പെലെയോടൊപ്പം നൂറ്റാണ്ടിന്റെ കളിക്കാരനായി ഫിഫ തിരഞ്ഞെടുത്ത ഡീഗോ അറമാഡോ മാറഡോണ ഒരേ സമയം പിശാചും മാലാഖയുമായി തിളങ്ങിയ കളിയുണ്ട് ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍. 1986 മോക്‌സിക്കോ ലോകകപ്പിലാണിത്. ജൂണ്‍ 22നു മെക്‌സിക്കോ സിറ്റിയിലെ അസ്റ്റേക്ക സ്റ്റേഡിയം കണ്ട ഈ കളി ഏറെ പ്രത്യേകതകളുളളതാണ്. ഇംഗ്ലണ്ടിനെതിരായ ക്വാട്ടര്‍ ഫൈനലില്‍ അഞ്ചു മിനിട്ട് വ്യത്യാസത്തില്‍ മറഡോണ നേടിയ രണ്ടു ഗോളുകളില്‍ ഒന്ന് ലോകകപ്പിലെ വലിയ പിഴവുകളിലൊന്നായി പിന്നിട് വിലയിരുത്തപ്പെട്ടതും മറ്റേത് നൂറ്റാണ്ടിലെ മികച്ച ഗോളെന്ന് വാഴ്ത്തപ്പെട്ടതുമായിരുന്നു.
ആദ്യഗോള്‍ റഫറിയെ പൂര്‍ണ്ണമായും പറ്റിച്ച് കൈകൊണ്ടു നേടിയ ഒന്നാണ്. തുനീഷ്യന്‍ റഫറി അലിബിന്‍ നാസറിനു പിന്നാലെയോടി ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ടെറി ഹെന്‍വിക് വാദിച്ചിട്ടും ആദ്യത്തെ ഗോള്‍ നിലനിന്നു. കാരണം ഒരു സംശയവും ജനിപ്പിക്കാതെയാണ് മറഡോണ കൈയുയര്‍ത്തി മധ്യവര വരെ ഓടി യത്. വെറും 166 സെന്റിമീറ്റര്‍ ഉയരമുളള മറഡോണ 185 സെന്റി മീറ്റര്‍ ഉയരമുളള ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനുനേരെ ചാടി ഇടം കൈ കൊണ്ടു പന്തു തട്ടുമെന്ന് അധികമാര്‍ക്കും വിശ്വസിക്കാനുമായില്ല.
ആ ഗോളിനോളം പ്രസിദ്ധമാണ് അതിന് മറഡോണ നല്കിയ പേര്. ദൈവത്തിന്റെ കൈ. അര്‍ജന്റീനയെ ഒന്നാന്തരമായി ഇംഗ്ലണ്ട് പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ മറഡോണ പ്രതിരോധം കടന്ന് പന്ത് ജോര്‍ജെ വാല്‍ഡാനോക്കു നല്കി ക്രോസിനായി നേരെ പെനാള്‍ട്ടി ബോക്‌സിലേക്ക് ഓടി. പന്ത് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് സ്റ്റീവി ഹോഡ്ജിനാണ് കിട്ടിയത്. ഹോഡ്ജിന്റെ ക്ലിയറന്‍സ് ലക്ഷ്യം പിഴച്ചു. അത് ഓടിവന്ന മറഡോണയുടെ നേരെ യാണ് ഉയര്‍ന്നത്. അതികായനായ. ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനും പന്തു പിടിക്കാനായി മുന്നോട്ടാഞ്ഞു. ഗോളിയേക്കാള്‍ ഉയരത്തില്‍ ചാടി ഹെഡ് ചെയ്യുകയാണെന്ന ഭാവേന മറഡോണ പന്ത് വലയിലേക്ക് തട്ടി. റഫറിയെ കബളിപ്പിക്കാനായി കൂട്ടുകാരെ വിളിച്ച് ആഘോഷമാരംഭിക്കുകയും ചെയ്തു. നിമിഷാര്‍ദ്ധത്തില്‍ നടന്ന നാടകമൊന്നുമറിയാതെ റഫറി ഗോളിന് വിസിലൂതി.
മത്സരശേഷം വിവാദഗോളിനെക്കുറിച്ച് മറഡോണ നല്കിയ ന്യായീകരണമാണ് അതിന് അതിസാഹസികസയുടെ കൈയൊപ്പു ചാര്‍ത്തിയത്. കുറച്ചു മറഡോണയുടെ തലകൊണ്ടും കുറച്ചു ദൈവത്തിന്റെ കൈകൊണ്ടും നേടിയ ഗോള്‍ എന്നാണ് മറഡോണ പറഞ്ഞത്. തെമ്മാടിയുടെ കൈ എന്ന് ഇംഗ്ലണ്ട് കോച്ച് ബോബി റോബ്‌സണ്‍ അതിനെ തിരുത്തി, റഫറിയെ കബളിപ്പിക്കാന്‍ മറഡോണക്ക് ന്യായമുണ്ടായിരുന്നു. കളളനെ പോക്കറ്റടിച്ചാല്‍ അതിന് ശിക്ഷയുണ്ടാവില്ല. ഞാന്‍ ഇംഗ്ലണ്ടിനെ പോക്കറ്റടിക്കുകയായിരുന്നു. ഇത് ചതിയല്ല, കഴിവാണ്, ഫോക്ക്‌ലാന്റ് ദ്വീപ്ന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുളള തര്‍ക്കത്തെകുറിച്ചാണ് മറഡോണ പരാമര്‍ശിച്ചത്.
എന്നാല്‍ രണ്ടാമത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എറ്റവും മനോഹരമായ ഗോളായിരുന്നു, അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡര്‍ എങ്ങനെ കളിക്കണം എന്നതിന് വരും തലമുറക്ക് മറഡോണ നല്കിയ ഉത്തരമാണ് ആ ഗോള്‍. ആറ് ഇംഗ്ലണ്ട് കളിക്കാരെ ട്രിബിള്‍ ചെയ്ത് അറുപതു മീറ്റര്‍ ഓടി മറഡോണ ഷൂട്ടുചെയ്തപ്പോള്‍ ഇംഗ്ലണ്ടുകാര്‍ തലയില്‍ കൈവച്ചുപോയി, നൂറ്റാണ്ടിന്റെ ഗോള്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇത് മറഡോണയുടെ പാപകറ തീര്‍ക്കുന്ന ഒന്നായിരുന്നു.വ്യക്ത്യധിഷ്ഠമായി കളിക്കാത്ത പ്ലേമേക്കറായിരുന്നു മറഡോണ. സഹകളിക്കാരെ കൊണ്ടു ഗോളടിപ്പിക്കുന്നതില്‍ പ്രത്യേക ത്രില്‍ അദ്ദേഹം അനുഭവിച്ചിരുന്നു. എതിരാളിരളുടെ ക്രൂരമായ ചവിട്ടി വീഴ്ത്തലുകള്‍ക്ക് വിധോയനായിട്ടും ഫിനിക്‌സ് പക്ഷിയെപോലെ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു. ഡിഫന്റര്‍മാരുടെ ഇടയിലൂടെ ഡ്രിബിള്‍ ചെയ്ത് നുഴഞ്ഞുകയറി സഹകളിക്കാര്‍ക്ക് പന്തെത്തിക്കാനും ഗോളുകള്‍ അടിക്കാനുമുളള മറഡോണയുടെ പാടവം അനിതരസാധാരണമാണ്,
ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്‍, കാല്‍പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു. ചെഗുവേരയുടെ ചിത്രം കൈയ്യില്‍ പച്ചകുത്തി കമ്യൂണിസ്റ്റ് അനുഭാവം തുറന്നു പ്രകടിപ്പിച്ചിരുന്നു. മരിക്കാത്ത ഓര്‍മകളുമായി സോക്കര്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്കുന്ന മറഡോണക്ക് സ്മരണാജ്ഞലി…..

 

 

 

 

 

 

Chandrika Web: