X

അര്‍ജന്റീന ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറെന്ന് മറഡോണ

മോസ്‌കോ: അര്‍ജന്റീന ടീമിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. അര്‍ജന്റീന ലോകകപ്പില്‍ പുറത്തായതിനെ തുടര്‍ന്ന് പരിശീലകന്‍ സാംപൊളിയെ മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശീലക കുപ്പായമണിയാന്‍ തയ്യാണെന്ന് മറഡോണ അറിയിച്ചിരിക്കുന്നത്. പ്രതിഫലമൊന്നും പറ്റാതെ ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നാണ് മറഡോണ അറിയിച്ചിരിക്കുന്നത്.

പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റാണ് അര്‍ജന്റീന പുറത്തായത്. സാംപോളിയുടെ ടീം ഫോര്‍മേഷനും ടീം തെരഞ്ഞെടുപ്പും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇന്റര്‍ മിലാന്‍ ക്യാപ്റ്റന്‍ ഇക്കാര്‍ഡിയെ ടീമിലെടുക്കാത്തതും യുവന്റസ് സൂപ്പര്‍ താരം ഡിബാലയെ കളിപ്പിക്കാത്തതും സാംപൊളിയുടെ വ്യക്തി താല്‍പര്യങ്ങളാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അര്‍ജന്റീനയുടെ പരിജയ സമ്പന്നനായ ഗോള്‍ കീപ്പര്‍ റൊമേരോയുടെ പരിക്ക് സാരമുള്ളതല്ലെന്നും സാംപൊളി മനപ്പൂര്‍ അദ്ദേഹത്തെ ഒഴിവാക്കിയതാണെന്നും ആരോപണമുണ്ടായിരുന്നു.

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മറഡോണയായിരുന്നു അര്‍ജന്റീനയുടെ പരിശീലകന്‍. അന്ന് അര്‍ജന്റീന ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പുറത്താവുകയായിരുന്നു. കളിക്കളത്തിലെ മികവ് പരിശീലകനെന്ന നിലയില്‍ പുറത്തെടുക്കാന്‍ മറഡോണക്ക് കഴിഞ്ഞിരുന്നില്ല. അര്‍ജന്റീനയുടെ പ്രതിഭാധനനായ മിഡ്ഫീല്‍ഡര്‍ റിക്വല്‍മിയെ അന്ന് ടീമിലെടുക്കാതിരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പരിശീലകനെന്ന നിലയില്‍ കാര്യമായ നേട്ടങ്ങളില്ലാത്തതിനാല്‍ മറഡോണയുടെ ആവശ്യത്തോട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അനുകൂലമായി പ്രതികരിക്കാനിടയില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: