പാലക്കാട്: ജമ്മു കശ്മീരില്‍ വീരമൃത്യുവരിച്ച പാലക്കാട് കോട്ടായി കോട്ടചന്തയില്‍ ജവാന്‍ ശ്രീജിത്തിന്റെ ഭൗതികശരീരം ഒദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11.15ന് പരുത്തിപ്പുള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാവിലെ എട്ട് മുതല്‍ 10 വരെ പരുത്തിപ്പുള്ളി എ.എല്‍.പി.സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ആദരാഞ്ജലികളര്‍പ്പിച്ചു.

തുടര്‍ന്ന് സൈനിക ചടങ്ങുകള്‍ക്ക് ശേഷം പരുത്തിപ്പുള്ളിയിലെ കോട്ടചന്തകളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യാഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം 24ന് രാത്രിയാണ് കോയമ്പത്തൂര്‍ വിമാനത്താവളം വഴി വീട്ടിലേക്കെത്തിച്ചത്. നാടിന്റെ അഭിമാനമായിരുന്ന ശ്രീജിത്തിന്റെ മൃതദേഹം കാണാന്‍ ആയിരക്കണക്കിന് പേരാണ് കോട്ടായിയിലെത്തിയത്. കരസേനയില്‍ ജോലിചെയ്യുന്ന ശ്രീജിത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

എട്ടുവര്‍ഷം മുമ്പാണ് കരസേനയില്‍ ചേര്‍ന്നത്. രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന ശ്രീജിത്ത് ഓണത്തിന് നാട്ടിലെത്തി അവധി കഴിഞ്ഞ് കശ്മീരിലേക്ക് പോവുകയായിരുന്നു. മാര്‍ച്ച് 10ന് അവധിക്ക് നാട്ടിലെത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. മന്ത്രി എ.സി.മൊയ്തീന്‍, മന്ത്രി വി.എസ്.സുനില്‍കുമാര്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീം, ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുല്ല, കെ.യു.എം താജുദ്ദീന്‍, എം.ബി.രാജേഷ്.എം.പി, എം,എല്‍.എ.മാരായ ഷാഫി പറമ്പില്‍, കെ.ഡി.പ്രസേനന്‍ , കെ.ബാബു, മുഹമ്മദ് മുഹ്‌സിന്‍, വി.റ്റി.ബല്‍റാം, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, അസി.കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, എ.ഡി.എം.എസ്.വിജയന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.