X
    Categories: indiaNews

ബാബരി മസ്ജിദ് ഓര്‍മ; അയോധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന് ആ പേരിടില്ല

ലഖ്‌നൗ: അയോധ്യയില്‍ സുപ്രിംകോടതി വിധി പ്രകാരം നിര്‍മിക്കുന്ന പള്ളിക്ക് ഏതെങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരിടില്ലെന്ന് മസ്ജിദ് നിര്‍മാണ ട്രസ്റ്റ്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണ ശൈലിയാണ് പള്ളിക്കു വേണ്ടി സ്വീകരിക്കുകയെന്നും ട്രസ്റ്റ് വക്താവ് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

‘ദാനിപൂര്‍ ഗ്രാമത്തില്‍ 15,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിര്‍മിക്കുക. ബാബരി മസ്ജിദിന്റെ അത്രയും വലിപ്പം ഇതിനുമുണ്ടാകും. മറ്റു പള്ളികളില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായ രീതിയിലാണ് പള്ളി പണി കഴിപ്പിക്കുക. കഅബയുടെ മാതൃകയില്‍ ചതുരനിര്‍മിതിയും ആലോചിക്കുന്നുണ്ട്. എസ്എം അക്തറാണ് പള്ളി രൂപകല്‍പ്പന ചെയ്യുന്നത്’ – അത്താര്‍ ഹുസൈന്‍ വെളിപ്പെടുത്തി. മിനാരങ്ങളും ഖുബ്ബകളും വേണോ എന്ന കാര്യത്തില്‍ ആര്‍കിടെക്ടിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

‘പള്ളിക്ക് ബാബരി മസ്ജിദ് എന്ന് നാമകരണം ചെയ്യില്ല. ഏതൈങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേരുണ്ടാകില്ല. എന്റെ വ്യക്തിപരമായ അഭിപ്രായ പ്രകാരം അത് ദാനിപൂര്‍ മസ്ജിദ് എന്ന പേരിലാകും അറിയപ്പെടുക’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്ജിദ് നിര്‍മാണത്തിന് വെബ്‌പോര്‍ട്ടലിലൂടെ പൊതുജനത്തിന് സംഭാവന നല്‍കാമെന്നും പോര്‍ട്ടല്‍ പണിപ്പുരയില്‍ ആണെന്നും ഹുസൈന്‍ പറഞ്ഞു. മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും.

ദാനിപൂരില്‍ അഞ്ചേക്കര്‍ സ്ഥലമാണ് മസ്ജിദിനായി അനുവദിച്ചിട്ടുള്ളത്. സുന്നി വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പള്ളിക്കു വേണ്ടി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. നവംബര്‍ ഒമ്പതിനാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രിംകോടതി ഉത്തരവിട്ടത്. അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്ഥലം മസ്ജിദിന് വിട്ടു കൊടുക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

Test User: