X
    Categories: CultureMoreViews

കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ ദേവെ ഗൗഡയോട് മായാവതിയുടെ അഭ്യര്‍ത്ഥന

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ് – ജനതാദള്‍ സെക്യുലര്‍ ധാരണയ്ക്ക് പിന്തുണയുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതിയും. കോണ്‍ഗ്രസ് നല്‍കുന്ന പിന്തുണ സ്വീകരിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മായാവതി ജെ.ഡി.എസ് തലവന്‍ ദേവെ ഗൗഡയോട് അഭ്യര്‍ത്ഥിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കിയ ബി.എസ്.പി ഒരു സീറ്റില്‍ വിജയിച്ചിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിന് തുടക്കമായത്. 105 സീറ്റ് നേടിയ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി അധികാരത്തിലേറുന്നത് തടയാന്‍ ജെ.ഡി.എസ്സിനെ നിരുപാധികം പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച ജെ.ഡി.എസ് എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം അധികാരത്തിലേറുന്നത് വൈകിപ്പിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്. ഗവര്‍ണറെ കണ്ട ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: