X

എംബാപ്പേ വഴങ്ങുന്നില്ല, പി.എസ്.ജി ഉടമകളും: ഫ്രാന്‍സില്‍ വലിയ പ്രതിസന്ധി

പാരീസ്: യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ദിവസങ്ങള്‍ അധികനാളുകളില്ല. പക്ഷേ ഇപ്പോഴും കിലിയന്‍ എംബാപ്പേയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എംബാപ്പേ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. 2024 വരെ പി.എസ്.ജിയില്‍ തുടരും. അത് കഴിഞ്ഞാല്‍ കളം മാറും-ഇതാണ് താരം ആവര്‍ത്തിക്കുന്നത്.

എന്നാല്‍ ക്ലബ് സ്വന്തം നിലപാടും ആവര്‍ത്തിക്കുന്നു. കുറഞ്ഞത് 2025 വരെയെങ്കിലും കരാര്‍ ദീര്‍ഘിപ്പിക്കുമെങ്കില്‍ മാത്രമാണ് എംബാപ്പേക്ക് പി.എസ്.ജിയില്‍ തുടരാനാവു എന്നാണ് ക്ലബ് വ്യക്തമാക്കുന്നത്. രണ്ട് പേരും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ എംബാപ്പേ എവിടെ കളിക്കുമെന്നതാണ് വലിയ ചോദ്യം. ക്ലബിന്റെ പ്രീസിസണ്‍ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ സൂപ്പര്‍ താരമില്ല. കരാര്‍ ദീര്‍ഘിപ്പിക്കാതെ താരവുമായി ഒരു സ്‌നേഹവുമില്ല എന്നതാണ് മാനേജ്‌മെന്റ് നിലപാട്.

അതിനാല്‍ വിട്ടുവീഴ്ച്ച പ്രതീക്ഷിക്കാനില്ല. എംബാപ്പേ ക്ലബിനെ പിറകില്‍ നിന്ന് കുത്തുകയാണെന്നാണ് ഉടമകള്‍ വിശദീകരിക്കുന്നത്. ഏറ്റവും വലിയ പ്രതിഫലമാണ് അദ്ദേഹത്തിന് നല്‍കുന്നത്. ടീമിന്റെ നായകനായി അവരോധിച്ചു. നായകന് സാധാരണ നല്‍കുന്നതിനേക്കാള്‍ അധികാരം നല്‍കി. ഇത്രയെല്ലാം ചെയ്തിട്ടും ക്ലബുമായുളള കരാര്‍ പുതുക്കില്ല എന്ന് പറയുന്നതും 2025 വരെ തുടരുമെന്ന് ക്ലബ് പ്രസിഡണ്ടിന് നല്‍കിയ ഉറപ്പ് പാലിക്കാതെ നാടകം കളിക്കുകയാണെന്നുമെല്ലാമാണ് വാദമുഖങ്ങള്‍. ഇതിന് അതേ നാണയത്തില്‍ തന്നെയാണ് എംബാപ്പേയ മറുപടി നല്‍കുന്നത്. കരാര്‍ നോക്കുക. 2024 വരെ. ആ കാലാവധിയില്‍ കളിക്കും. അതിനപ്പുറം ചോദിക്കരുത്. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ വലിയ വേദിയില്‍ വലിയ കിരീടങ്ങള്‍ ലക്ഷ്യമിടുന്ന താരത്തിന്റെ ഈ നിലപാട് ക്ലബിനുണ്ടാക്കുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്. അതാണ് താരത്തെ വില്‍ക്കുമെന്ന് ക്ലബ് വിശദീകരിക്കുന്നത്. ഇപ്പോള്‍ താരത്തെ കൈമാറിയാല്‍ ട്രാന്‍സ്ഫര്‍ തുക ലഭിക്കും. കരാര്‍ കാലാവധി പൂര്‍ത്തിയാക്കി പിരിയുമ്പോള്‍ ക്ലബിന് നേട്ടമില്ല. അതിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ലിവര്‍പൂളും ചെല്‍സിയും ലോണ്‍ അടിസ്ഥാനത്തില്ലെങ്കിലും അദ്ദേഹത്തെ കിട്ടുമോ എന്ന ശ്രമത്തിലുമാണ്.

webdesk11: