X

അറവുശാലകള്‍ പൂട്ടല്‍; ലക്‌നൗവ്വില്‍ ഇറച്ചിവില്‍പ്പനക്കാര്‍ അനിശ്ചിതകാല സമരത്തില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടിയതിനെതിരെ ഇറച്ചിവില്‍പ്പനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാനത്തെ ഇറച്ചിവില്‍പ്പനക്കാര്‍ക്കൊപ്പം മത്സ്യവില്‍പ്പനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മാട്-കോഴി തുടങ്ങിയ ഇറച്ചിവില്‍പ്പനശാലകളെല്ലാം അടിച്ചിടും. യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമാണ് അറവുശാലകള്‍ അടച്ചുപൂട്ടിയത്.

സര്‍ക്കാരിന്റെ നയത്തിനെതിരെ ഞങ്ങള്‍ അനിശ്ചിതകാലസമരം നടത്തുകയാണ്. മത്സ്യവില്‍പ്പനക്കാരും സമരത്തില്‍ പങ്കെടുക്കും. അറവുശാലകള്‍ പൂട്ടിയ നടപടി ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചിരിക്കുകയാണെന്ന് ലക്‌നൗ ബക്‌റ ഖോഷ്ട് വ്യാപാര്‍ മണ്ഡല്‍ വ്യാപാരി മുബീന്‍ ഖുറൈഷി പറഞ്ഞു. പോത്തിറച്ചി നിര്‍ത്തലാക്കിയത് മൂലം ഇപ്പോള്‍ ഹോട്ടലില്‍ മാട് -കോഴി എന്നിവയാണ് വിളമ്പുന്നത്. എന്നാല്‍ കോഴി വില്‍പ്പന നടത്തുന്ന കടകളിലും പോലീസ് പരിശോധന നടത്തുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്തൊട്ടാകെ ഇറച്ചി ആഹാരങ്ങള്‍ നിരോധിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന് വ്യാപാരികള്‍ പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അറവുശാലകള്‍ പൂട്ടുമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. അനധികൃത അറവുശാലകള്‍ പൂട്ടുക എന്നതിലൂടെ സര്‍ക്കാര്‍ സംസ്ഥാനത്തൊട്ടാകെ അറവുശാലകള്‍ നിരോധിക്കുകയാണ് ചെയ്യുന്നത്.

chandrika: