മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായി. മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയത്. മന്ത്രിസഭാ യോഗങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി നല്‍കിയിരുന്ന ബ്രീഫിങ് ഉപേക്ഷിച്ചത് നേരത്തെ വിവാദമായിരുന്നു. പത്രമാധ്യമങ്ങളെ പരമാവധി അവഗണിച്ച് സ്ഥാപിത താല്‍പര്യങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന ആക്ഷേപം ശക്തമാണ്.

പുതിയ ഉത്തരവ് പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ക്ക് പി.ആര്‍.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിനും പി.ആര്‍.ഡിക്കൊപ്പം വിവരങ്ങള്‍ നല്‍കാം. പി.ആര്‍.ചേമ്പറിലെ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഒ.ബി വാനുകളുടെയും വിവരങ്ങള്‍ മുന്‍ കൂട്ടി പിആര്‍ഡിയെ അറിയിക്കണം. പൊതു പരിപാടികള്‍ക്കിടയിലും റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലും മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സഞ്ചാര സ്വാതന്ത്യത്തെ തടയലാണെന്ന വാദവും ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ പാടെ ഇല്ലാതാക്കാനാണ് ഇതുവഴി സര്‍ക്കാര്‍ ശ്രമം.