X

സ്വാശ്രയ മെഡിക്കല്‍ ഫീസ്: പാവങ്ങള്‍ക്ക് ഇരുട്ടടി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മെഡിക്കല്‍ പഠനം അപ്രാപ്യമാക്കി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ സര്‍ക്കാര്‍ വന്‍വര്‍ധന വരുത്തി. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളിലും 5.5 ലക്ഷം രൂപ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി ജസ്റ്റിസ് രാമചന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി.

സ്വാശ്രയ മെറിറ്റില്‍ 25,000 രൂപ ഫീസില്‍ പഠിക്കാമായിരുന്ന 20 ശതമാനം സീറ്റുകളും 2.5 ലക്ഷം രൂപ ഫീസുണ്ടായിരുന്ന 30 ശതമാനം സീറ്റുകളും ഇതോടെ ഇല്ലാതായത് സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. വിദേശമലയാളികളുടെ മക്കള്‍ക്കുള്ള 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. ഇത്തരത്തില്‍ അഞ്ച് ലക്ഷം കൂട്ടിയത് വഴി ഒരു കോളജിനും കിട്ടുന്ന 75 ലക്ഷം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നേരത്തെ മൂന്നുവട്ടം ചര്‍ച്ച നടത്തിയിരുന്നു. മാനേജ്‌മെന്റുകള്‍ 12 മുതല്‍ 15 ലക്ഷം രൂപവരെ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ചര്‍ച്ചകളെല്ലാം അലസിപ്പിരിയുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്.

എന്‍.ആര്‍.ഐ ഒഴികെയുള്ള 85 ശതമാനം സീറ്റുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കിട്ടിയ മൊത്തം ഫീസിനെ 85 കൊണ്ട് ഹരിച്ചുകിട്ടിയ സംഖ്യയാണ് 5.5 ലക്ഷം. കോളജുകളുടെ വരുമാനത്തില്‍ കുറവുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ഈ രീതി സ്വീകരിച്ചതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സ്വാശ്രയ കോളജുകള്‍ ചെലവ് കണക്കുകള്‍ ഹാജരാക്കിയില്ലെങ്കിലും എല്ലാ വശങ്ങളും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്ന് ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു പറഞ്ഞു. നീറ്റ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷാ കമ്മീഷണറാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളിലടക്കം ഇത്തവണ പ്രവേശനം നടത്തുന്നത്.

വന്‍ഫീസ് നിശ്ചയിച്ചതോടെ റാങ്കില്‍ മുന്നിലെത്തിയാലും സാധാരണക്കാരുടെ കുട്ടികള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ പഠനം സ്വപ്‌നം മാത്രമായി മാറുന്ന സ്ഥിതിയായി. സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 1100 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ഇനി കുറഞ്ഞ ഫീസില്‍ പഠിക്കാനാവുക. സര്‍ക്കാര്‍ കോളജുകളില്‍ 25,000 രൂപ വാര്‍ഷിക ഫീസ് തുടരും. നൂറ് എം.ബി.ബി.എസ് സീറ്റുള്ള സ്വാശ്രയ കോളജില്‍ 85 ശതമാനം സീറ്റില്‍ നിന്ന് മാത്രം 4.67 കോടി രൂപയാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ പോക്കറ്റിലെത്തുക. എന്നിട്ടും ഫീസ് പോരെന്ന നിലപാടിലാണ് ഒരുവിഭാഗം മാനേജ്‌മെന്റുകള്‍. രണ്ട് സ്വാശ്രയ കോളജുകള്‍ 15 ലക്ഷവും 11.5 ലക്ഷവും വീതം ഫീസ് നിശ്ചയിച്ച് പ്രോസ്‌പെക്ടസ് പുറത്തിറക്കിയെങ്കിലും മേല്‍നോട്ട സമിതി ഇത് റദ്ദാക്കി. 85 ശതമാനം സീറ്റുകളിലും കഴിഞ്ഞ വര്‍ഷം 4.85 ലക്ഷം ഫീസുണ്ടായിരുന്ന നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലും ഇത്തവണ ഫീസ് 5.5 ലക്ഷമാകും. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് 44 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നതും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഈ വര്‍ഷം അവസാനിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജിലും 5.5 ലക്ഷം രൂപയായിരിക്കും ഫീസ്.

chandrika: