ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ ബി.ജെ.പി എം.പി ദ്വിവേദി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് ദ്വിവേദിയുടെ പരാമര്‍ശത്തിനെതിരെ മുഫ്തി വിമര്‍ശനവുമായെത്തിയത്.

ആധുനിക ലോകത്തു പോലും, പുരുഷാധിപത്യ മനോഭാവവും നാണം കെട്ട സ്ത്രീവിരുദ്ധ ചിന്താഗതിയും അതിന്റെ വൃത്തികെട്ട മുഖമുയര്‍ത്തുകയും അത് സാമാന്യവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഒരു സ്ത്രീ ഏത് വസ്ത്രമാണ് ധരിക്കേണ്ടത് എന്നതിനെ പറ്റി മറ്റാരും ആശങ്കപ്പെടേണ്ട കാര്യമില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്ക് കാര്യമായ ചികിത്സ ആവശ്യമാണ്. അദ്ദേഹത്തിന് ഉടന്‍ ഭേദപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” മെഹ്ബൂബ മുഫ്തി തന്റെ ട്വീറ്റില്‍ പറയുന്നു

പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാവണനും സഹോദരി പ്രിയങ്ക ശൂര്‍പ്പണകയുമാണെന്നാണ് റോഹാനിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് ആക്ഷേപിച്ചത്.

ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ വസ്ത്രം ധരിക്കാനുളള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത് മറ്റൊരു ബി.ജെ.പി എം.പി രംഗത്തെത്തിയത്. ഡല്‍ഹിയിലുള്ളപ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുന്ന പ്രിയങ്ക, ഉത്തര്‍പ്രദേശില്‍ വരുമ്പോഴാണ് സാരിയും സിന്ദൂരവും ഉപയോഗിക്കുന്നതെന്ന് ബിജെപി എംപി ഹരീഷ് ദ്വിവേദി പറഞ്ഞിരുന്നു.