ന്യൂയോര്‍ക്ക്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ്. ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ലെന്നും ആണുങ്ങളുടെ നേരംപോക്ക് മാത്രമാണെന്നും മെലാനിയ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെലാനിയ ഇങ്ങനെ പറഞ്ഞത്.

ചില ആണുങ്ങള്‍ സംസാരിക്കുന്നതെങ്ങനെയെന്ന് എനിക്കറിയാം. ആ രീതിയില്‍ മാത്രമേ ട്രംപിന്റെ സംഭാഷണത്തെയും കണ്ടിട്ടുള്ളൂ. അദ്ദേഹത്തില്‍ നിന്നും മുമ്പൊരിക്കലും ഇത്തരം സംഭാഷണം താന്‍ കേട്ടിട്ടില്ല. ആ രീതിയില്‍ ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നിപ്പോയെന്നും അവര്‍ പറഞ്ഞു.

നേരത്തെ ഇതിനെതിരെ രംഗത്തുവന്നിരുന്ന മെലാനിയ ട്രംപിന് അമേരിക്കന്‍ ജനത മാപ്പുനല്‍കണമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനെ പിന്തുണച്ചുകൊണ്ടുള്ള മെലാനിയയുടെ കടന്നുവരവ്.