X

എം.ഡി.സി ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി; സൂപ്രീംകോടതിയെ സമീപിക്കും

അനീഷ് ചാലിയാര്‍
പാലക്കാട്‌

എം.ഡി.സി ബാങ്കിനെ രജിസ്ട്രാര്‍ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയ നടപടി സൂപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍. 12ന് രാത്രി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇന്നലെ വൈകീട്ടോടെ കേരള ബാങ്ക് എറണാകുളം കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ ഡോ.അനില്‍കുമാര്‍ മലപ്പുറത്തെത്തി മലപ്പുറം എം.ഡി.സി ബാങ്കില്‍ ചുമതലയേറ്റിട്ടുണ്ട്.

ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍. എയും 93 ഓളം പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ രജിസ്ട്രാറുടെ ഏകപക്ഷീയമായ ലയന നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം തുടര്‍ന്നു കേള്‍ക്കുമെന്നും രജിസ്ട്രാര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലും ഇന്നലെ തള്ളി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ തയ്യാറെടുക്കുന്നത്. ഇടതുസര്‍ക്കാര്‍ സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് നിയമ ഭേദഗതിയുടെ അധികാരമുപയോഗിച്ചാണ് എ ക്ലാസ് മെമ്പര്‍മാരായ സംഘങ്ങള്‍ക്ക് 15 ദിവസ കാലയളവ് നിശ്ചയിച്ചുള്ള നോട്ടീസ് മാത്രം നല്‍കി ലയന നടപടി ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഹൈക്കോടതി തുടര്‍വാദം കേള്‍ക്കാനായി മാറ്റിയത്. അന്തിമവിധി വരും മുമ്പെ തന്നെ ഇടക്കാല വിധിയുടെ പിന്‍ബലത്തില്‍ ലയന നടപടികളുമായി സഹകരണ വകുപ്പ്് മുന്നോട്ടു പോകുകയാണിപ്പോള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കുമേല്‍ തീരുമാനം അടിച്ചേല്‍പിക്കാന്‍ ഇംഗിതക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് അനുകൂല വിധി നേടാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചതാണ്. 2017 മുതല്‍ ഇതിനായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവും കൊണ്ടുവന്നിരുന്നു. ഈ അഡ്മിനിസ്‌ട്രേറ്റര്‍ രണ്ട് തവണ കൊണ്ടുവന്ന ലയന പ്രമേയവും 97 ഓളം വോട്ടുകള്‍ക്ക് ജനറല്‍ബോഡി പരാജയപ്പെടുത്തുകയും ചെയ്തു.

132 എ ക്ലാസ് മെമ്പര്‍മാരുള്ള ജനറല്‍ ബോഡിയില്‍ കേവല ഭൂരിപക്ഷത്തിലെങ്കിലും പ്രമേയം പാസ്സാക്കിയെടുക്കാനുള്ള എല്ലാ നീക്കങ്ങളും ഇതോടെ പരാജയപ്പെട്ടു. പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 2020 ഒക്ടോബറില്‍ വീണ്ടും ഭരണസമിതി അധികാരത്തിലേറി. 132 എ ക്ലാസ് മെമ്പര്‍മാരില്‍ 97 ഓളം യു.ഡി.എഫ് അനുകൂല സംഘങ്ങളാണ്. ബാങ്ക് പിടിച്ചെടുക്കാനുള്ള ഒരു നീക്കവും വിജയിക്കാതെ വന്നതോടെയാണ് സഹകരണ നിയമത്തില്‍ 74 എച്ച് ഭേദഗതി കൊണ്ട് വന്ന് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ഭരണസമിതി ഇല്ലാതാക്കി ബാങ്കിനെ ലയിപ്പിച്ചിരിക്കുന്നത്. ലയന പ്രമേയം പാസ്സാക്കാത്ത ജില്ലാ സഹകരണ ബാങ്കുകളില്‍ എ ക്ലാസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍.ബി.ഐയുടെ അനുമതിതേടി ബാങ്കിനെ ലയിപ്പിക്കാനും ആസ്തി ബാധ്യതകള്‍ കൈമാറുന്നതിനും സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതാണ് സഹകരണ നിയമത്തിലെ 74 എച്ച് ഭേദഗതി.

webdesk11: