ബെര്‍ലിന്‍: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ രംഗത്ത്. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മന്‍ സംസ്‌കാരത്തിന് ബുര്‍ഖ യോജിച്ചതല്ലെന്നായിരുന്നു മെര്‍ക്കലിന്റെ പ്രസ്ഥാവന. എന്നാല്‍ ആഞ്ജലയുടെ നിലപാടിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുസ്്‌ലിം സ്ത്രീകള്‍ ധരിക്കാറുള്ള ബുര്‍ഖകള്‍ ഭാഗികമായി നിരോധിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ദെ മെയ്‌സിയര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ സുരക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലായിരുന്നു തോമസിന്റെ നിര്‍ദേശം. കോടതി, ഭരണകെട്ടിടം, സ്‌കൂളുകള്‍ എന്നിവിടങ്ങള്‍ക്കു പുറമെ വാഹനം ഓടിക്കുമ്പോഴും പ്രകടനങ്ങളില്‍ പങ്കെടുക്കുമ്പോഴും സ്ത്രീകള്‍ മുഖം മറക്കുന്നത് കുറ്റകരമാണെന്നായിരുന്നു തോമസ് മെയ്‌സിയറിന്റെ നിലപാട്.