X
    Categories: CultureSports

മെസ്സിക്ക് ഹാട്രിക്ക്; ബാര്‍സലോണക്ക് ലാലിഗ കിരീടം

ലാ കൊരുണ: ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയ മത്സരത്തില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണയെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗ ചാമ്പ്യന്മാരായി. ഡിപോര്‍ട്ടിവോയെ അവരുടെ തട്ടകത്തില്‍ നേരിട്ട ബാര്‍സ ഏഴാം മിനുട്ടില്‍ ഫിലിപ്പ് കുട്ടിന്യോയുടെയും 38-ാം മിനുട്ടില്‍ മെസ്സിയുടെയും ഗോളുകളില്‍ മുന്നിലെത്തിയിരുന്നെങ്കിലും 40, 64 മിനുട്ടുകളില്‍ ഡിപോര്‍ട്ടിവോ ഗോളുകള്‍ തിരിച്ചടിച്ചിരുന്നു. എന്നാല്‍, കളിയുടെ അവസാന ഘട്ടത്തില്‍ എതിരാളികളുടെ പോസ്റ്റില്‍ രണ്ടു ഗോള്‍ കൂടി നിക്ഷേപിച്ച് മെസ്സി ടീമിന് വിജയ കിരീടം സമ്മാനിക്കുകയായിരുന്നു.

2017-18 സീസണില്‍ നാല് മത്സരം കൂടി അവശേഷിക്കവെയാണ് ബാര്‍സ കിരീടമണിഞ്ഞത്. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ 11 പോയിന്റ് ലീഡാണ് ചാമ്പ്യന്മാര്‍ക്കുള്ളത്. 35 മത്സരം കളിച്ച അത്‌ലറ്റികോയ്ക്ക് പോയിന്റ് നിലയില്‍ ബാര്‍സയെ മറികടക്കാന്‍ ഇനി കഴിയില്ല. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ബാര്‍സയേക്കാള്‍ 15 പോയിന്റ് പിറകിലാണ്.

സീസണില്‍ ബാര്‍സയുടെ രണ്ടാമത്തെ മേജര്‍ കിരീടമാണിത്. കഴിഞ്ഞയാഴ്ച സെവിയ്യയെ തോല്‍പ്പിച്ച് ബാര്‍സ കോപ ദെല്‍ റേ (കിങ്‌സ് കപ്പ്) സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ റോമയുടെ ഗ്രൗണ്ടിലേറ്റ 3-0 പരാജയത്തോടെയാണ് ട്രിപ്പിള്‍ കിരീടമെന്ന ഏണസ്റ്റോ വല്‍വെര്‍ദെയുടെ സ്വപ്‌നം അവസാനിച്ചത്.

മെസ്സി, മെസ്സി വീണ്ടും മെസ്സി

കിരീടം സ്വന്തമാക്കാന്‍ ഒരു പോയിന്റ് മാത്രം ആവശ്യമായിരുന്ന ബാര്‍സ ഡിപോര്‍ട്ടിവോയുടെ തട്ടകത്തില്‍ മനോഹര ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഏഴാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബലെയുടെ പാസ് ഗോളിലേക്ക് വഴിതിരിച്ചുവിട്ട് കുട്ടിന്യോ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. 38-ാം മിനുട്ടില്‍ സുവാരസിന്റെ പാസില്‍ നിന്ന് മെസ്സി കൂടി ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 0-2 ആയി. എന്നാല്‍ 40-ാം മിനുട്ടില്‍ ബോര്‍ഹ വാലെയുടെ പാസില്‍ നിന്നുള്ള ഫസ്റ്റ്‌ടൈം ഫിനിഷിലൂടെ ലൂകാസ് പെരസ് ഒരു ഗോള്‍ മടക്കി. 64-ാം മിനുട്ടില്‍ സെല്‍സോ ബോര്‍ഹസിന്റെ പാസ് ലക്ഷ്യത്തിലെത്തിച്ച് എംറെ ഷൊലാകും ആഞ്ഞടിച്ചതോടെ കളി മുറുകി.

വിജയ ഗോളിനായി ആതിഥേയര്‍ ആഞ്ഞു പൊരുതിയപ്പോള്‍ ബാര്‍സക്ക് സ്വന്തം ഹാഫിലേക്ക് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ 82-ാം മിനുട്ടില്‍ സുവാരസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ മെസ്സി സമനിലക്കെട്ട് പൊട്ടിച്ചു. മൂന്നു മിനുട്ടിനു ശേഷം സുവാരസിന്റെ തന്നെ സഹായത്തോടെ അര്‍ജന്റീനാ താരം ഹാട്രിക് പൂര്‍ത്തിയാക്കി.

ലീഗില്‍ 34 മത്സരങ്ങളില്‍ 32 ഗോള്‍ കണ്ടെത്തിയ മെസ്സി, യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെ പിന്തള്ളി. 36 മത്സരങ്ങളില്‍ നിന്ന് 31 ഗോളാണ് സലാഹിനുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: