ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അഭിനയ’ പാടവത്തെ കളിയാക്കി ദളിത് നേതാവും ഗുജറാത്ത് എം.എ.എല്‍എയുമായ ജിഗ്‌നേഷ് മേവാനി. ഗൗരി ലങ്കേഷ് അനുസ്മരണ പരിപാടിക്കായി ബംഗളുരുവിലെത്തിയ മേവാനി, നടന്‍ പ്രകാശ് രാജുമൊന്നിച്ച് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടാണ് മോദിയെ പരിഹസരിച്ചത്.

‘പ്രകാശ് രാജില്‍ നിന്ന് ഒന്നു രണ്ട് അഭിനയ പാഠങ്ങള്‍ പഠിക്കുകയാണ്. അദ്ദേഹം എന്നോടു പറയുന്നത്, രാജ്യത്തിന്റെ നാട്യ സമ്രാട്ടായ ‘സാഹെബി’ല്‍ നിന്ന് പഠിക്കാനാണ്’ – എന്നാണ് പ്രകാശ് രാജിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം മേവാനി കുറിച്ചത്. ബി.ജെ.പിയിലെ ഉന്നത വൃത്തങ്ങള്‍ മോദിയെ വിശേഷിപ്പിക്കുന്ന പേരാണ് ‘സാഹെബ്’.


അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ ജന്മദിനത്തിന്റെ ഭാഗമായി, ഗൗരി മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിച്ച ‘ഗൗരി ദിന’ത്തില്‍ പങ്കെടുക്കാനാണ് മേവാനി ബംഗളുരുവിലെത്തിയത്. ഗൗരിയുടെ അടുത്ത സുഹൃത്തായ പ്രകാശ് രാജും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷഹല റാഷിദ് തുടങ്ങിയവരും പങ്കെടുത്തു.

ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിച്ച സംഘ് പരിവാര്‍ ശക്തികള്‍ക്കെതിരെ പ്രകാശ് രാജ് ആഞ്ഞടിച്ചു: ‘ഗൗരിയുടെ മരണം ആഘോഷിച്ചവരറിയാന്‍. ഞങ്ങള്‍ അവരെ മറമാടിയിട്ടേയുള്ളൂ. അവരുടെ മരണം ശബ്ദങ്ങളും വലിയ ശബ്ദങ്ങളുമായി മാറുകയാണ്. ഈ കൂട്ടായ്മയുടെ കാരണം അതാണ്. ചില മരണങ്ങള്‍ അങ്ങനെയാണ്. അത് നശിപ്പിക്കുകയല്ല, നിര്‍മിക്കുകയാണ്.

രോഹിത് വെമുലയുടെ മരണം കനയ്യ കുമാറിനെയും ഷഹല റാഷിദിനെയും സൃഷ്ടിച്ചു. ദളിതരുടെ മരണം ജിഗ്നേഷ് മേവാനിയെ സൃഷ്ടിച്ചു. ഗൗരിയുടേത് സാധാരണ മരണമായിരുന്നെങ്കില്‍ നമുക്ക് അനുശോചനമര്‍പ്പിക്കാമായിരുന്നു. എന്നാല്‍ ഗൗരിയുടേതു പോലുള്ള മരണങ്ങള്‍ അവരെ വധിച്ച ശക്തികള്‍ക്കെതിരെ പോരാടാനുള്ള ശബ്ദങ്ങള്‍ ഉയര്‍ത്തുകയാണ്.’ – പ്രകാശ് രാജ് പറഞ്ഞു.