X

പെരിന്തല്‍മണ്ണയില്‍ നാട്ടിയ നാഴികക്കല്ല്-എഡിറ്റോറിയല്‍

ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കപ്പെടുന്ന സംവിധാനമാണ് ജനാധിപത്യമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതിന്റെ അവിഭാജ്യഘടകമായ സര്‍ക്കാരുകളുടെ നയങ്ങളും നിയമങ്ങളും ചട്ടങ്ങളുമെല്ലാം തീരുമാനിക്കുന്നത് ജനപ്രതിനിധികളാണെങ്കിലും അവയോരോന്നും നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ മറ്റൊരു പ്രധാന ഭാഗമായ ഉദ്യോഗസ്ഥ സംവിധാനമാണ്. അവരില്ലാതെ ഭരണം തന്നെയില്ലെന്ന് പറയാം. ദുഷ്പ്രഭുത്വമില്ലാതെ ജനതല്‍പരരും നിസ്വാര്‍ഥ സേവകരുമായ ഉന്നത ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള സവിശേഷമായ സംവിധാനത്തിനാണ് കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ തിരശ്ശീല ഉയര്‍ന്നിരിക്കുന്നത്.

സിവില്‍സര്‍വീസ് ഉദ്യോഗാര്‍ഥികളെ സൗജന്യമായി പരിശീലിപ്പിച്ച് ജോലി നേടാന്‍ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ്. രാജ്യത്തുതന്നെ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗ് നല്‍കുന്ന ആദ്യത്തെ സ്ഥാപനമാണ് പെരിന്തല്‍മണ്ണ പൊന്ന്യാംകുര്‍ശിയിലെ കാമ്പസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. നിര്‍ധനരെയും അരികുവത്കരിക്കപ്പെട്ടവരുമായ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് വടക്കന്‍ ജില്ലകളിലെ 100 ഉദ്യോഗാര്‍ഥികളെയാണ് പ്രതിവര്‍ഷം ഇവിടെ പരിശീലിപ്പിക്കുന്നത്. നാടിനും ജനതക്കുംവേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച പാണക്കാട്കുടുംബത്തിലെ അന്തരിച്ച സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളുടെ സ്മാരകമായി വിഭാവനംചെയ്ത ‘സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസ്’ അദ്ദേഹത്തിന്റെ സഹോദരനും മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷനുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചത്. 101 വര്‍ഷം മുമ്പ് മറ്റൊരു ഓഗസ്റ്റിലാണ് മലബാറില്‍ സ്വാതന്ത്ര്യ മുന്നേറ്റത്തിന്റെ ചരിത്രാധ്യായം പിറന്നതും. പെരിന്തല്‍മണ്ണ എം.എല്‍. എ നജീബ് കാന്തപുരത്തിന്റെ ‘ക്രിയ’ വിദ്യാഭ്യാസ മുന്നേറ്റ പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ മുന്‍കൈയിലും ഭാവനയിലുമായി മലബാറിന്റെ ഹൃദയഭാഗത്ത് അക്കാദമി ഉയര്‍ന്നുവന്നിരിക്കുന്നത്.

സാമൂഹികമായും ചരിത്രപരമായും നൂറ്റാണ്ടുകളായി മുഖ്യധാരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടിരുന്ന മലബാറിലെ നിസ്വരായ മനുഷ്യര്‍ക്കിടയില്‍ ന്യൂനാല്‍ന്യൂനമായ എണ്ണം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേ ഉയര്‍ന്നുവന്നിരുന്നുള്ളൂ. ഇന്നും അതിന് കാര്യമായ മാറ്റം വന്നിട്ടില്ല. ഭൂമിക്കും സ്വത്തിനും അവകാശമില്ലാതെ വരേണ്യരുടെ വെള്ളംകോരികളും വിറകുവെട്ടികളുമായി ജീവിതം ഉന്തേണ്ടിവന്ന സമുദായങ്ങളാണ് മലബാര്‍ മേഖലയിലെ മഹാഭൂരിപക്ഷവും. മുസ്്‌ലിംകളും പിന്നാക്കക്കാരും പട്ടിക വിഭാഗക്കാരുമെല്ലാം ആ അടിച്ചമര്‍ത്തലിന്റെ ഇരകളാണ്. പഠിക്കുന്നതുപോയിട്ട് പള്ളിക്കൂടത്തിന്റെ പടിവാതില്‍ക്കല്‍കൂടി വഴി നടക്കാന്‍പോലും അവകാശമില്ലാതിരുന്ന വിഭാഗങ്ങള്‍ക്ക് സിവില്‍സര്‍വീസ് എന്നത് പുലര്‍കാല സ്വപ്‌നത്തില്‍പോലും വന്നിരിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മലപ്പുറത്ത് ആരംഭിച്ച അലിഗഡ്ക്യാമ്പസും ‘ഇഫ്‌ളു’ കാമ്പസും ഇന്നും പൂര്‍ണതയിലെത്തിയിട്ടില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടുകൂടിയാണ് മലപ്പുറംജില്ലയില്‍തന്നെ ഇത്തരത്തിലൊരു സൗജന്യ പഠനകേന്ദ്രത്തിന് നാന്ദികുറിക്കാന്‍ നജീബും കൂട്ടരും പദ്ധതിയിട്ടത്.

കേരളത്തില്‍ കൂനുകള്‍പോലെ സിവില്‍ സര്‍വീസ് അക്കാദമികള്‍ മുളച്ചുപൊന്തുന്നുണ്ടെങ്കിലും അവിടെയെല്ലാം പണവും പദവിയുമൊക്കെയാണ് പ്രധാന പ്രവേശന മാനദണ്ഡമെന്നിരിക്കെ മഹാഭൂരിപക്ഷം പേര്‍ക്കും പാതിവഴിയില്‍വെച്ച് സിവില്‍ സര്‍വീസ് സ്വപ്‌നം ഉപേക്ഷിക്കേണ്ടിവരുന്നു. പൊന്ന്യാംകുര്‍ശിയിലെ ഐ.എസ്.എസ് സമുച്ചയത്തിലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ക്ലാസ് മുറികള്‍, ലൈബ്രറി, ഗവേഷണ കേന്ദ്രം, റീഡിംഗ്‌റൂം തുടങ്ങിയവ ഭാവി കലക്ടര്‍മാരെയും പൊലീസ് മേധാവികളെയും മറ്റും വാര്‍ത്തെടുക്കാന്‍ സഹായകമാകുമെന്നതില്‍ സംശയമില്ല. മുന്‍മുഖ്യമന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയയുടെ പ്രസ്ഥാനത്തിനും അതിന്റെ ജനപ്രതിനിധിക്കും മലപ്പുറത്തിന്റെ മണ്ണില്‍ ഇത്തരത്തിലൊരു സൗജന്യ പഠനകേന്ദ്രം ആരംഭിക്കാനായതില്‍ തീര്‍ച്ചയായും ആപാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനും അഭിമാനിക്കാം. നാടൊട്ടുക്കും പ്രൈമറി സ്‌കൂളുകള്‍ തുടങ്ങി സമുദായത്തെയും പിന്നാക്ക പട്ടിക ജാതിക്കാരെയും മുന്നിലെത്തിക്കാന്‍ യത്‌നിച്ച സി.എച്ചിന്റെ പുതുകാലശിഷ്യന്മാരുടെ ഉത്തരവാദിത്തം കൂടിയാണിത്. പഴയ കാലത്തില്‍നിന്ന് വ്യത്യസ്്തമായി ഉന്നത പഠനത്തില്‍ മുസ്‌ലിംകളാദി സമൂഹം കാട്ടുന്ന താല്‍പര്യം സിവില്‍ സര്‍വീസിലും പ്രതിഫലിക്കപ്പെടട്ടെ. അതിലൂടെ ആ വിഭാഗങ്ങളുടെ താല്‍പര്യവും ആവശ്യങ്ങളുംകൂടി പരിഗണിക്കപ്പെടുന്ന രീതിയല്‍ ഭരണ സംവിധാനത്തെ മാറ്റിയെടുക്കാന്‍ കഴിയും. ജീവകാരുണ്യ-ഭവന-ശുശ്രൂഷാ മേഖലകളിലെല്ലാം ചരിത്രം രചിച്ച മുസ്്‌ലിംലീഗ് പ്രസ്ഥാനത്തിനും മലബാറിനാകെയും ഹൈദരലി ശിഹാബ് തങ്ങള്‍ ഫോര്‍ സിവില്‍ സര്‍വീസ് അക്കാദമി സാര്‍ത്ഥകമായ മറ്റൊരു ചുടവടുവെപ്പാകട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.

web desk 3: