X
    Categories: Newsworld

ഇസ്രാഈലിന് സൈനിക സഹായം; ബൈഡന്റെ നിലപാടില്‍ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

വാഷിങ്ടണ്‍: ഗസ്സയില്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുമ്പോഴും ഇസ്രാഈലിന് സൈനിക സഹായം വര്‍ദ്ധിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ബ്യൂറോ ഓഫ് പൊളിറ്റിക്കല്‍-മിലിറ്ററി അഫയേഴ്സ് ഡയറക്ടര്‍ ജോഷ് പോളാണ് ബൈഡന്‍ ഭരണകൂടത്തിന്റെ ഫലസ്തീന്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. ഗസ്സയിലെ ആക്രമണങ്ങള്‍ക്ക് പന്തുണ നല്‍കുന്നത് ഫലസ്തീനികളെയും ഇസ്രാഈലികളെയും ഒരുപോലെ ദുരിതത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക പിന്തുടര്‍ന്നു പോരുന്ന വീഴ്ചകള്‍ ബൈഡന്‍ ഭരണകൂടവും ആവര്‍ത്തിക്കുകയാണെന്ന് ജോഷ് പോള്‍ ആരോപിച്ചു.

‘ദീര്‍ഘകാലം ആ തെറ്റിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷെ, ഇസ്രാഈലിനെ അന്ധമായി അനുകൂലിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയം അമേരിക്ക ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധവും അന്യായവും വിനാശകരവുമാണ്.’
എനിക്ക് ചെയ്യാന്‍ കഴിയുന്ന ദോഷത്തെക്കാള്‍ എനിക്ക് ചെയ്യാനാവുന്ന നന്മക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതുകൊണ്ട് താന്‍ ഇത്രയും യു.എസ് ഡിപ്പാര്‍ട്മെന്റിന്റെ ഭാഗമായതെന്നും 11 വര്‍ഷമായി അമേരിക്കയുടെ സഖ്യകക്ഷികള്‍ക്ക് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജോഷ് പോള്‍ പറഞ്ഞു. ഇസ്രാഈലിന് മാരകമായ ആയുധങ്ങള്‍ നല്‍കാനുള്ള നയവുമായി ഇനി യോജിച്ചുപോകാന്‍ സാധിക്കില്ലെന്നതുകൊണ്ട് താന്‍ ജോലി രാജിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശത്രുക്കളുടെ ഒരു തലമുറയെ മൊത്തമായി കൊന്നൊടുക്കാന്‍ ഇസ്രാഈലിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ന്യൂയോര്‍ക്ക് ടൈംസിനുള്ള അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

webdesk11: