മുള്‍ട്ടാന്‍: ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവുള്‍പ്പെടെ 13പേരെ വിഷംകൊടുത്തു കൊന്നു. പാക്കിസ്താനിലെ മുസാഫര്‍ഗഡില്‍ ഇന്നലെയാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ 14പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്തംബറിലാണ് ആസിയ ബീബിയുടെ വിവാഹം നടക്കുന്നത്. അയല്‍ക്കാരനുമായി പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ച ആസിയക്ക് ഭര്‍തൃവീട്ടുകാരുമായി മാനസികമായി അടുപ്പം ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച്ച ഭര്‍ത്താവിന് ആസിയ ബീബി പാലില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പാല്‍ തൈരില്‍ കലര്‍ത്തി ആസിയ ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കുന്നത്. തൈര് ഒരു പരിപാടിക്കിടെ വിളമ്പുകയായിരുന്നു. സംഭവത്തില്‍ 13പേര്‍ മരിച്ചുവെന്നും 14 പേര്‍ ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്നും സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ ഒവൈസ് അഹമ്മദ് അറിയിച്ചു. ആസിയ ബീബിയേയും കുറ്റകൃത്യത്തിന് സഹായിച്ച കാമുകനേയും ബന്ധുവിനേയും പോലീസ് അറസ്റ്റു ചെയ്തു.