കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിന്റെ ശതമാനം സര്‍വ്വകാല റെക്കോര്‍ഡാണെന്ന വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അവകാശവാദത്തിന് പൊതുവേദിയില്‍ തിരുത്ത്. കണ്ണൂരില്‍ നടന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ മേഖല തല അവലോകന യോഗത്തിലാണ് മന്ത്രിയും കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷറഫുദ്ദീനും കൊമ്പുകോര്‍ത്തത്.

പദ്ധതി ശതമാനം 84% ശതമാനമാണെന്നും അതിനാല്‍ സ്പില്‍ ഓവര്‍ കുറവാണെന്നും പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിസന്ധിയെ ലഘുകരിക്കാന്‍ പ്രസംഗത്തിനിടെ മന്ത്രി ശ്രമിച്ചപ്പോഴാണ് സദസില്‍ നിന്ന് ഷറഫുദീന്‍ ഇടപെട്ടത്. പദ്ധതി ശതമാനം ഉയര്‍ത്തിക്കാണിക്കാന്‍ സര്‍ക്കാര്‍ കൃത്രിമായ കണക്കുണ്ടാക്കിയതാണെന്നും സുലേഖ സോഫ്റ്റ് വെയര്‍ പ്രകാരം 70 ശതമാനത്തില്‍ താഴെയാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ഇത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ ശതമാനമാണെന്നു കൂടി പറഞ്ഞപ്പോള്‍ പ്രകോതനായ മന്ത്രി ഞാന്‍ പറയുന്നത് സുലേഖ പ്രകാരമുള്ള കണക്കാണെന്നും അത് അംഗീകരിച്ചാല്‍ മതിയെന്നുമായി. സുലേഖ പ്രകാരം മന്ത്രി പറയുന്ന ശതമാനം ചെലവുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്നയി ഷറഫുദ്ദീന്‍. ഷറഫുദ്ദീന് പിന്തുണയുമായി ചിലര്‍ ഇടപെടാനൊരുങ്ങിയതോടെ എല്ലാം പരിശോധിക്കാമെന്ന് പറഞ്ഞ് മന്ത്രി തടിയൂരുകയായിരുന്നു.

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കണ്ണുരില്‍ മന്ത്രി അവലോകനം യോഗം വിളിച്ചത്. കാസര്‍ഗോഡ് ,കണ്ണൂര്‍ ,കോഴിക്കോട് ,വയനാട് ജില്ലകളിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പ്രശ്‌നം ഭയന്ന് വിഷയം ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നില്ല. പരാതികള്‍ എഴുതി നല്‍കാന്‍ പറഞ്ഞെങ്കിലും ഇതില്‍ തെരഞ്ഞെടുത്തതിനാണ് മറുപടി നല്‍കിയത്. പദ്ധതി തുക 20 ശതമാനം വെട്ടിക്കുറച്ചതിനെക്കുറച്ചതും ക്യൂ ലിസ്റ്റിലെ ബില്ലുകള്‍ നടപ്പ് വര്‍ഷത്തെ തുകയില്‍ നിന്ന് പിടിച്ചെടുക്കുന്നതും സ്പില്‍ ഓവര്‍ പദ്ധതിക്ക് തുക അനുവദിക്കാത്തതു മാണ് തദ്ദേശ സ്ഥാപനങ്ങളെ ഗുരുതര പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ ഇതിന് പരിഹാരം പ്രഖ്യാപിക്കാതെ ധനവകുപ്പിന്റെ ശ്രദ്ധയില്‍പെടുത്താം എന്ന് മാത്രം പറഞ്ഞ് മന്ത്രി ഒഴിഞ്ഞ് മാറുകയാണുണ്ടായത്. മറുപടി പ്രസംഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിസന്ധിയെ ലഘുകരിക്കാന്‍ കൂടി മന്ത്രി ശ്രമിച്ചതോടെയാണ് ഷറഫുദീന്‍ ഇടപെട്ടത്‌