X

മന്ത്രി ആര്‍. ബിന്ദുവിന് എങ്ങനെ തുടരാനാകും-കെ.എം ഷാജഹാന്‍

ഉന്നതവിദ്യാഭ്യാസ മേഖലക്ക് പുതിയ ദിശാബോധം നല്‍കാനുള്ള ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വി.സി മാരെ നിയമിക്കുന്നത് യു.ജി.സി മാനദണ്ഡപ്രകാരം സര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാണ്. ഇവരുടെയൊക്കെ നിയമനം വെറും കക്ഷിരാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് പറയുന്നത് യുക്തി സഹചമല്ല.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 12 ന് നടത്തിയ പ്രതികരണത്തിലാണ് ഇപ്രകാരം പറഞ്ഞത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലക്ക് പുതിയ ദിശാബോധം നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണിന്നും. വി.സി മാരെ നിയമിക്കുന്നത് യു.ജി.സി മാനദണ്ഡപ്രകാരം സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചാണ് എന്നും ഇവരുടെയൊക്കെ നിയമനം വെറും കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പറയുന്നത് യുക്തിസഹമല്ല എന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ മഷി ഉണങ്ങുംമുമ്പേ ഉന്നത വിദ്യാഭ്യാസ ചട്ടം ലംഘിച്ച് ഗവര്‍ണര്‍ക്ക് അയച്ച രണ്ടു കത്തുകള്‍ പുറത്തുവന്നത് സര്‍ക്കാറിന് വലിയ തിരിച്ചടിയാണ് ഏല്‍പ്പിച്ചത്.

2021 നവംബര്‍ 23 വരേയായിരുന്നു കണ്ണൂര്‍ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി. പുതിയ വി.സിയെ കണ്ടെത്താന്‍ ഒക്‌ടോബര്‍ 27ന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും നവംബര്‍ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 22ന് ബിന്ദു ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ 27 ഒക്‌ടോബറില്‍ സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റിയെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഇറക്കിയ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്നും തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഒപ്പം ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനര്‍ നിയമിക്കണമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അന്നു തന്നെ എഴുതിയ രണ്ടാമത്തെ കത്തില്‍ കേരള സര്‍വകലാശാലയുടെ പ്രോ ചാന്‍സിലര്‍ എന്ന നിലയില്‍ 2021 ഡിസംബര്‍ 24 മുതല്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ വി.സിയായി പുനര്‍ നിയമനം നല്‍കണമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേരു നിര്‍ദേശിക്കുന്നത് എന്റെ അവകാശമായി (Privilege) കണക്കാക്കുന്നു എന്നും പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കരണത്തേറ്റ അടിയാണ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, ഗവര്‍ണര്‍ക്ക് നല്‍കിയ ഈ രണ്ടു കത്തുകള്‍. ഇല്ലാത്ത അധികാരമാണ് മന്ത്രി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പ്രോ ചാന്‍സിലര്‍കൂടയായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്നതു പോകട്ടെ, സര്‍ക്കാറിനുപോലും സര്‍വകലാശാലാ നിയമനങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല എന്നിരിക്കെയാണ് ഗോപിനാഥനെ പുനര്‍ നിയമിക്കാനുള്ള രാഷ്ട്രീയ തീരുമാനം സി.പി.എമ്മും സര്‍ക്കാറും എടുക്കുകയും മന്ത്രി നിയമവിരുദ്ധമായി ആ തീരുമാനം തന്റെ അവകാശം ആയി കണക്കാക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തത്.

സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റികള്‍ രൂപീകരിച്ചാണ് വി.സിമാരെ നിയമിക്കുന്നതെന്നും വി.സിമാരുടെ നിയമനം വെറും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ് എന്നു പറയുന്നത് യുക്തി സഹമല്ല എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കണ്ണൂര്‍ വി.സിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാന പ്രകാരം രൂപീകരിച്ച സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി നോട്ടിഫിക്കേഷനും വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഇതു രണ്ടും റദ്ദാക്കണമെന്ന് മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെയാണ് കത്തിലൂടെ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. മാത്രമല്ല, സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും രാഷ്ട്രീയ തീരുമാനം എന്ന നിലയിലാണ് വിജ്ഞാപനം റദ്ദാക്കിയതിനു ശേഷം ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സിയാക്കി വീണ്ടും നിയമിക്കണമെന്ന് മന്ത്രി ബിന്ദു, ഗവര്‍ണര്‍ക്ക് രണ്ടാമത്തെ കത്തുനല്‍കിയത്. മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ ഇരട്ടത്താപ്പാണ് എന്നതിന് ഇതില്‍പരം എന്തു തെളിവാണ് വേണ്ടത്?. നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ നിയമനങ്ങളില്‍ ഇടപെട്ടു എന്ന് രേഖാമൂലം തെളിഞ്ഞുകഴിഞ്ഞ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് ഇനിയെങ്ങനെയാണ് അധികാരത്തില്‍ തുടരാനാവുക ?.

സര്‍വകലാശാലകളിലെ വി.സിമാരുടെ നിയമനവും ഇവിടങ്ങളിലെ അധ്യാപക നിയമനങ്ങളും ഇത്രമേല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കാലം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ?. സര്‍വകലാശാലകളുടെ നിയമനങ്ങളില്‍ പ്രോചാന്‍സിലര്‍ക്കോ, എന്തിന് സര്‍ക്കാറിനോ പോലും ഇടപെടാനാവില്ല എന്നിരിക്കെ കെ.ടി ജലീലിന്റെ കാലം മുതല്‍ ഇങ്ങോട്ട് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളിലും നിയമനങ്ങളിലും മന്ത്രി ഇടപെട്ടതിന്റെ എത്രയെത്ര സംഭവങ്ങളാണ് ഉണ്ടായത്. ബന്ധുനിയമനങ്ങളുടെ കേളീ രംഗമായി മാറിക്കൊണ്ടിരിക്കുകയല്ലേ കേരളത്തിലെ സര്‍വകലാശാലകള്‍. മന്ത്രി പി. രാജീവിന്റെ ഭാര്യ, സ്പീക്കര്‍ എം.ബി രാജേഷിന്റെ ഭാര്യ, മുന്‍ എം.പി പി.കെ ബിജുവിന്റെ ഭാര്യ, എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ എന്നിവര്‍ക്ക് സര്‍വകലാശാലകളില്‍ അനധികൃത നിയമനം നടത്തിയതിന്റെയോ നല്‍കാന്‍ ശ്രമിച്ചതിന്റെയോ എത്രയെത്ര അനുഭവങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇതില്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം കോടതി ഇടപെട്ടല്ലേ തടഞ്ഞത്. ഇതിലുപരി സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളും പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയല്ലേ?.

കാലടി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ കൊണ്ടുവരാന്‍ കാണിക്കുന്ന തത്രപ്പാട് അവിടെ നടക്കാന്‍ പോകുന്ന നൂറുകണക്കിന് നിയമനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ?. സി.പി.എം സര്‍ക്കാര്‍ വഴി സര്‍വകലാശാലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന അമിത രാഷ്ട്രീയ വല്‍ക്കരണം അവസാനിക്കണമെങ്കില്‍ വലിയ ജനകീയ പ്രക്ഷോഭം തന്നെ വേണ്ടിവരും.

web desk 3: