വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ആദം ജോണ്‍ ചിത്രത്തിലെ നായികയായ മിഷ്ടി ചക്രവര്‍ത്തി. വൃക്ക തകരാറിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്തി മുഖര്‍ജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. എന്നാല്‍ പേരിലെ സാമ്യത മൂലം ചില മാധ്യമങ്ങള്‍ നല്‍കിയത് മിഷ്ടി ചക്രവര്‍ത്തി മരിച്ചുവെന്നായിരുന്നു. പിന്നാലെ മിഷ്ടി തന്നെ പ്രതികരങ്ങളുമായി എത്തുകയായിരുന്നു.

ചില വാര്‍ത്തകള്‍ പ്രകാരം ഞാന്‍ ഇന്ന് മരിച്ചു. ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട് എന്നായിരുന്നു മിഷ്ടിയുടെ പോസ്റ്റ്. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. ആദം ജോണിലൂടെയാണ് മിഷ്ടി മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് മിഷ്ടി എത്തിയത്.

ലൈഫ് കി തോ ലഗ് ഗയി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മിഷ്തി മുഖര്‍ജി. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം. ശരീരഭാരം കുറയ്ക്കുന്നതിനായി കീറ്റോ ഡയറ്റിലായിരുന്നു മിഷ്തി. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വൃക്ക തകരാറിലാക്കിയതെന്ന് കുടുംബം പറയുന്നു.