X

ഡോ.എം.കെ മുനീറിന് എസ്.കെ പൊറ്റെക്കാട് പുരസ്‌കാരം സമ്മാനിച്ചു നവോത്ഥാന മൂല്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടം:സ്പീക്കര്‍

കോഴിക്കോട്: നവോത്ഥാന മൂല്യങ്ങളും ആശയങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നവോത്ഥാനം എല്ലാകാലത്തും ഉത്തേജിക്കപ്പെടേണ്ടതാണ്. ശ്രീനാരായണഗുരുവിന്റെയടക്കം ദര്‍ശനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇന്ന് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ പൊറ്റെക്കാട് സാഹിത്യ അവാര്‍ഡ് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനീര്‍ രചിച്ച ശ്രീനാരാണ ഗുരു മൂന്ന് വിചാരങ്ങള്‍ എന്ന ഗ്രന്ഥമാണ് അവാര്‍ഡിന് അര്‍ഹമായത്.
ചരിത്രം, ഇതിഹാസ ഗ്രന്ഥങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. എല്ലാമതത്തിന്റേയും വിമോചനമൂല്യങ്ങള്‍ നിലനിര്‍ത്തുന്ന സാഹിത്യരചനകള്‍ക്ക് പ്രസക്തിയേറിയ കാലഘട്ടമാണിത്. നവചിന്താഗതികള്‍ ഉയര്‍ന്നുവരണം.
വൈവിധ്യമായ കഴിവുകളുള്ള വ്യക്തിത്വമാണ് ഡോ.എം. കെ മുനീറെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അനന്തമായ സൗഹൃദം, സൂക്ഷ്മമായ സര്‍ഗാത്മകത, സാഹിത്യം, സംഗീതം, പഠനം തുടങ്ങീ വിവിധ മേഖലയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭയില്‍ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലും പരസ്പരബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചു. സഭ പ്രക്ഷുബ്ധമാകുന്ന സന്ദര്‍ഭത്തിലും തമാശകലര്‍ന്നവാക്കുകളിലൂടെ പരസ്പരം കുറിപ്പെഴുതി നല്‍കിയതും അദ്ദേഹം സൂചിപ്പിച്ചു. സഭയില്‍ മുനീറിന്റെ വാക്കൗട്ട് പ്രസംഗം ദീര്‍ഘിച്ചപ്പോള്‍ സ്പീക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് എഴുതി കുറിപ്പ് ശ്രീരാമകൃഷ്ണന്‍ സദസില്‍ പറഞ്ഞപ്പോള്‍ കൂട്ടചിരിയായിരുന്നു. ‘അങ്ങെയുടെ മുഖം പൂര്‍ണചന്ദ്രനെ പോലെ… യുക്തി അസാധാരണം… എന്നാല്‍ വാക്കൗട്ട് പ്രസംഗം അരോചകമാണ്’…ഇത്തരത്തില്‍ ഗൗരവമുള്ളതും അല്ലാത്തതുമായ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹം സദസിന് മുന്നില്‍ വിവരിച്ചു.
ചടങ്ങില്‍ അഡ്വ എ.വി അന്‍വര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അവാര്‍ഡ് ഗ്രന്ഥത്തെ കുറിച്ച് വിവരിച്ചു. കെ.എഫ് ജോര്‍ജ്ജ്, എസ്.കെ പൊറ്റക്കാട്ടിന്റെ മകള്‍ സുമിത്ര ഹരിദാസ് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് സമിതി ചെയര്‍മാന്‍ ടി.എം വേലായുധന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി ഇമ്പിച്ചഹമ്മദ് സ്വാഗതവും സി.ഇ.വി അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. ഡോ.എം.കെ മുനീര്‍ മറുപടി പ്രസംഗം നടത്തി.

web desk 1: