X

അസമില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല അമ്മയെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നു

ഗുവാഹത്തി: അസമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. തിന്‍സുകിയ ജില്ലയിലെ സേവ്പൂര്‍ തേയില എസ്റ്റേറ്റിലാണ് അമ്മയേയും മകനേയും ജനക്കൂട്ടം തല്ലിക്കൊന്നത്. ജനക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ അമ്മ ജമുന തന്തി വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ മകന്‍ അജയ്‌യും ഇന്നലെ മരിച്ചതായി തിന്‍സുകിയ പൊലീസ് സൂപ്രണ്ട് ദീപക് തമുലി അറിയിച്ചു. ഇരുവരേയും ജനക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മര്‍ദ്ദന വീഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ തറയില്‍ കിടക്കുന്ന ഇരുവരേയും ഇരുമ്പ് ദണ്ഡുകളും വടികളുമായി ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ അജയ് യുടെ ഭാര്യ രാധയെയും രണ്ടു വയസുള്ള മകളേയും ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പിന്നീട് ഇവരെ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
എന്നാല്‍ രണ്ട് വര്‍ഷമായി അജയ്‌യും ഭാര്യയും നിരന്തരം വഴക്കു നടന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. രാധയേയും മകളേയും കാണാതായതായുള്ള അജയ് യുടെ വാദം തെറ്റാണെന്നും ഇരുവരുടേയും തിരോധാനത്തിന് പിന്നില്‍ അജയ് തന്നെയാണെന്നുമുള്ള രാധയുടെ വീട്ടുകാരുടെ സംശയമാണ് ആള്‍ക്കൂട്ട കൊലയിലേക്ക് നയിച്ചത്. രാധയുടെ കുടുംബക്കാര്‍ അജയ് യുടെ വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ക്ഷുഭിതരായ ഇവര്‍ അജയ് യുടെ വീട് അടിച്ച് തകര്‍ക്കുകയും അജയ് യേയും മാതാവിനെയും ആക്രമിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് എത്തിയ ജനക്കൂട്ടം ഇവരോടൊപ്പം ചേര്‍ന്നതോടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

web desk 1: