X

‘മോദി താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ രാഹുല്‍ ജനങ്ങള്‍ക്കിടയിലാണ്’; രാഹുലിനെ പ്രശംസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍. നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ ജനങ്ങള്‍ക്കിടയിലാണ്. കാരണം അദ്ദേഹത്തിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണെന്ന് ജയശങ്കര്‍ പറഞ്ഞു. നെഹ്‌റുവിന്റെ ദീര്‍ഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുല്‍ഗാന്ധി വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണ്.

വരുന്ന അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെമ്പാടും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കണം, പുതിയ പ്രവര്‍ത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേല്‍ക്കോയ്മ തകര്‍ക്കണം, നരേന്ദ്രമോദിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.

ഇതിനൊക്കെ പുറമെ, വയനാട്ടിലെ കര്‍ഷകരുടെ, കര്‍ഷക തൊഴിലാളികളുടെ, ആദിവാസികള്‍ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവര്‍ത്തിക്കാതെ നോക്കണം.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുല്‍ഗാന്ധി വളരണം.

chandrika: