X

എം.കെ മുനീറിന്റെ സബ്മിഷന്‍; കോഴിക്കോട് കോംട്രസ്റ്റ് കെട്ടിടം സംരക്ഷിത സ്മാരകമാക്കി മാറ്റുമെന്ന് മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് കോംട്രസ്റ്റിന്റെ വീവിംഗ് ഫാക്ടറി കെട്ടിടം പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പുരാവസ്തുവകുപ്പ് സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചാലേ വകുപ്പിന് നേരിട്ട് സംരക്ഷണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണിയും നടത്താനാകൂ. ഫാക്ടറി കെട്ടിടം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലെ വിധി കൂടി വന്നാലെ മുന്നോട്ടു പോകാനാകൂ. ഈ കെട്ടിടം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു.
150 വര്‍ഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം പുരാവസ്തുസംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കേണ്ടതാണെന്ന് വകുപ്പ് ഡയരക്ടര്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കുകയും അക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്, ഇത് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. കെട്ടിടത്തിന്റെ ചൂമരുകളും തൂണുകളും മഴയത്ത് നശിച്ചുകൊണ്ടിരിക്കുകയാണെന്നും സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും കോഴിക്കോട് കലക്ടറും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
കോം ട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്‍ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ ഇവിടെ ഉല്‍പാദനകേന്ദ്രവും മ്യൂസിയം തുടങ്ങണമെന്ന് മുനീര്‍ പറഞ്ഞു. കോം ട്രസ്റ്റിന്റെ ഭൂമി കയ്യടക്കാന്‍ കുറേ നാളായി ശ്രമിച്ചു ഭൂമാഫിയ വരികയാണ്. മതില്‍ പൊളിച്ച് ഭൂമി കയ്യേറാനുള്ള ശ്രമം തൊഴിലാളികാളാണ് തടഞ്ഞത്. പല തവണ ആവശ്യപ്പെട്ടിട്ടും ഇത് സംബന്ധിച്ച ചര്‍ച്ച വിളിക്കാത്തതില്‍ ദുരുഹതയുണ്ട്. അതുകൊണ്ട് അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും മുനീര്‍ പറഞ്ഞു.
ഈ കെട്ടിടത്തെ പുരാവസ്തുസ്മാരകമാക്കി മാറ്റണം. ഒരു ഭാഗത്ത് മ്യൂസിയവും മറു ഭാഗത്ത് തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഉല്‍പാദനകേന്ദ്രവും തുടങ്ങണം. കെട്ടിടം എത്രയും വേഗം അറ്റകുറ്റപ്പണി നടത്തുന്നതിന് ഒപ്പം തകര്‍ത്ത മതിലും നന്നാക്കണം. മുന്‍കാലങ്ങളില്‍ കോഴിക്കോട് ഉല്‍പാദിപ്പിച്ച തുണിത്തരങ്ങളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്. കാലി ക്ലോത്ത് എന്ന തുണിയില്‍ നിന്നാണ് കാലിക്കറ്റ് എന്ന പേര് തന്നെ ഉണ്ടായത്. വന്‍കിട കമ്പനികള്‍ തമിഴ്‌നാട്ടില്‍ ഫാക്ടറികള്‍ തുടങ്ങുന്നു. കോംട്രസ്റ്റിലും ഇത്തരം കമ്പനികളെ ഉപയോഗപ്പെടുത്താവുന്നതാണ്. വിഷയത്തില്‍ കെ.എസ്.ഐ.ഡി.സി മുന്‍കയ്യെടുക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

chandrika: