X

യു.പിയുടെ ആരോഗ്യ മേഖലയെ ‘ഇനി രാമന്‍ വന്ന് രക്ഷിക്കട്ടെ’; യോഗി സര്‍ക്കാറിനെ ട്രോളി ഹൈക്കോടതി

അലഹാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് പരാതി നല്‍കിയ സ്‌നേഹലത എന്ന യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.

സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നിരിക്കുന്നു. ഇനി രാമന്‍ വന്ന് രക്ഷിക്കട്ടെയെന്നും, മറ്റൊന്നു പറയാനില്ല എന്നും കോടതി പരാമര്‍ശിച്ചു. ആരോഗ്യ മേഖല മെച്ചപ്പെടുത്താന്‍ ചില നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ തേടുക, വനിതാ ഡോക്ടര്‍മാരുടെ സേവനം എല്ലാ ആസ്പത്രികളിലും ഉറപ്പുവരുത്തുക, ഒഴിവുകള്‍ നികത്തുക എന്നിങ്ങനെയുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്.

ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ തന്നെ കനത്ത തിരിച്ചടി നേരിട്ട യോഗി ആദിത്യനാഥിന് കോടതിയുടെ വിമര്‍ശം ഇരട്ടി പ്രഹരമാവുകയാണ്. കേരളത്തിലും കര്‍ണാടകയിലും പ്രചാരണത്തിനായി എത്തിയ യോഗി ആരോഗ്യ, ക്രമസമാധാനം എന്നിവയില്‍ യു.പിയെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്രമസമാധാന നിലയില്‍ രാജ്യത്തെ ഏറ്റവും മോശം റെക്കോര്‍ഡാണ് യു.പിക്കെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നത് യു.പിയില്‍ യോഗി മന്ത്രിസഭ അധികാരമേറ്റ ശേഷമാണെന്ന് കേന്ദ്രം ലോക്‌സഭയില്‍ വെച്ച രേഖ ചൂണ്ടിക്കാണിക്കുന്നു.

chandrika: