ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണി രാജിവെക്കേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം. മണിയുടെ കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മണിക്കെതിരായുള്ള വിഎസ് അച്ചുതാനന്ദന്റെ കത്ത് കിട്ടിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

മണിയുടെ രാജിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ യച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മണി രാജി വെക്കേണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. രാജിയുടെ കാര്യം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു.

മണി തുടരുന്നത് ശരിയല്ലെന്നും അധാര്‍മ്മികമാണെന്നും വ്യക്തമാക്കി കേന്ദ്രനേതൃത്വത്തിന് വിഎസ് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്ത് കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രനേതൃത്വം അറിയിച്ചത്.