X

‘ഭീകരവാദത്തിന് സഹായം ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം’; പാക്കിസ്താനെതിരെ വിമര്‍ശനവുമായി മോദി

ബിഷ്‌കെക്ക്: ഷാങ്ഹായി ഉച്ചകോടിയില്‍ പാക്കിസ്താനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി പറഞ്ഞു.

ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി പറഞ്ഞു. എന്നാല്‍ പാക്കിസ്താന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ പ്രസ്താവന. ഭീകരവാദത്തിനെതിരെയുളള പോരാട്ടത്തില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം മെച്ചപ്പെടുത്തണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് അറിയിച്ച് വീണ്ടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. മോദിയുമായി ചര്‍ച്ചക്കു തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രാജ്യാന്തര മധ്യസ്ഥതക്ക് പാകിസ്ഥാന് സമ്മതമാണെന്ന് ഇമ്രാന്‍ വ്യക്തമാക്കി. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. പാകിസ്ഥാനുമായി ചര്‍ച്ചക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം വരുന്നത്.

chandrika: