X

’50 കോടി നഷ്ടപരിഹാരം വേണം’; ഖാദി ബോര്‍ഡിനെതിരെ മോഹന്‍ലാല്‍

തിരുവനന്തപുരം: 50കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിലും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഖാദി ബോര്‍ഡിന് മോഹന്‍ലാല്‍ നോട്ടീസ് അയച്ചത്.

പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്ന് നോട്ടീസില്‍ മോഹന്‍ലാല്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ശോഭനാജോര്‍ജ്ജ് രംഗത്തെത്തി. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ്ജ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണ് പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് നോട്ടീസ് അയച്ചത്. ശേഷം സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചിരുന്നു.

ഇതിനു മാസങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്. നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുമ്പാണ് ശോഭനാജോര്‍ജ്ജ് ഈ വിഷയം പൊതുജനവേദിയില്‍ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ പറയുന്നു.

chandrika: