X

മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്

തിരുവനന്തപുരം: ഭര്‍ത്താവിനേയും ബന്ധുക്കളേയും കുറ്റപ്പെടുത്തി നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ്. പ്രത്യക്ഷത്തില്‍ ബാങ്കിനെ കുറ്റപ്പെടുത്തുന്നില്ല ആത്മഹത്യാകുറിപ്പെന്നാണ് നിരീക്ഷണം. കടബാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിഹരിക്കുന്നതിന് ഭര്‍ത്താവും അമ്മയും സമ്മതിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

കടബാധ്യതയുണ്ടായിരുന്നു. പക്ഷേ,വീടും സ്ഥലവും വിറ്റ് കടംവീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കുറേകാലമായി സഹിക്കുന്നുവെന്നും അതിനാലാണ് താനും മകളും മരിക്കുന്നതെന്നും ലേഖ കത്തിലെഴുതിയിട്ടുണ്ട്. ബാങ്കിന്റെ ജപ്തിഭീഷണി മൂലമാണ് ആത്മഹത്യയെന്ന വാദത്തില്‍ നിന്നും കുടുംബവഴക്കിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്.

അതേസമയം, അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മകള്‍ മരിച്ചശേഷവും പണം ചോദിച്ച് ബാങ്ക് അധികൃതര്‍ വിളിച്ചിരുന്നെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചെന്നും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് ഇന്ന് ജപ്തി ചെയ്യാനിരിക്കുകായാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി തല്‍ക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു.

chandrika: